കിളിമാനൂർ: പോങ്ങനാട് വെണ്ണിച്ചിറ കുളത്തിൽ നിർമ്മിച്ച സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടന വേദിയിലേക്ക് സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന സ്വിമ്മിംഗ് പൂളിന്റെ നിർമാണ ഉദ്ഘാടനം രഹസ്യമായി നടത്തുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ചും യോഗവും സംഘടിപ്പിട്ടത്. ജില്ലാ പഞ്ചായത്ത് ഒന്നാം ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്നലെ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി നടത്താൻ തീരുമാനിച്ചത്. ജനപ്രതിനിധികൾ, നാട്ടുകാർ, റസിഡൻസ് അസോസിയേഷൻ, നീന്തൽ ക്ലബ്, പത്ര മാധ്യമങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങി ആരെയും അറിയിക്കാതെ രഹസ്യമായി പരിപാടി സംഘടിപ്പിക്കാൻ നടത്തിയ നീക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. എല്ലാവർക്കും അറിയിപ്പ് നൽകി നടത്തുന്നതിനായി ഉദ്ഘാടനം മാറ്റി വയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാൻ പ്രസിഡന്റ് തയ്യാറായില്ല. തുടർന്നാണ് സി.പി.ഐ ലോക്കൽ കമ്മിറ്റി ഉദ്ഘാടനവേദിയിലേക്കു മാർച്ച് നടത്തിയത്. ആലത്ത്കാവിൽ നിന്നും ആരംഭിച്ച മാർച്ച് പോങ്ങനാട് കവല ചുറ്റി വെന്നിച്ചിറയിൽ എത്തി. തുടർന്ന് നടന്ന യോഗം സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ബി.എസ്. റജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ അദ്ധ്യക്ഷനായി. വി. സോമരാജകുറുപ്പ്, ടി.എം. ഉദയകുമാർ, എൽ. ബിന്ദു, സി. സുകുമാരപിള്ള എന്നിവർ സംസാരിച്ചു. മാർച്ചിന് ആർ. സുഹൈൽ, ബി. അനീസ്, സജി. ആർ.ആർ. വി, ബി.എസ്. സജികുമാർ, എം.ആർ. നാരായണൻകുട്ടി എന്നിവർ നേതൃത്വം നൽകി.