കാട്ടാക്കട: വേനൽ കടുത്തതോടെ തീപിടുത്ത ഭീതിയിലാണ് മലയോരത്തെ റബർ തോട്ടങ്ങൾ. റബർ മരങ്ങൾ ഉൾപ്പടെയുള്ളവ ഇലപൊഴിന്ന ഡിസംബർ ജനുവരി മാസങ്ങളിലാണ് നാട്ടിൻപുറത്തെ റബർ തോട്ടങ്ങളിൽ തീപിടുത്തം വ്യാപകമാകുന്നത്. ഈ വർഷം ഡിസംബർ പകുതിയായതോടെ റബർ മരങ്ങൾ ഇലപൊഴിച്ചു. ഇതോടെ തോട്ടങ്ങളിൽ കരിയില കൂനകളായി. മരങ്ങളിൽ ഇലപൊഴിയൽ കൂടിയതോടെ പകലത്തെ ചൂടിൽ ഉണങ്ങിക്കിടക്കുന്ന കരിയിലകളിൽ തീ പടർന്നുപിടിക്കാൻ സാധ്യാത കൂടുതലാണ്. മുൻപ് ഈ സമയങ്ങളിൽ തീ പടരുന്നത് കുറവായിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇലപൊഴിയൽ കൂടിയെന്നും ഇത് ഉണങ്ങി തീപടരുന്നത് നിത്യ സംഭവമാണ്. മുൻപ് ഈ സമയത്ത് കുറച്ച് റബർ തോട്ടങ്ങളിൽ മാത്രമാണ് തീപടർന്നിരുന്നത്. എന്നാലിപ്പോൾ ജനുവരി ആയപ്പോൾ പലയിടത്തും കടുതലായി തീപിടുത്തം തുടങ്ങിയതായി നെയ്യാർഡാം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ വർഷം ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത് ..... 2 തീപിടുത്തം
നെയ്യാർഡാം പരിധിയിൽ 20 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്....... 20ഓളം തീപിടുത്തം
നിലവിൽ ഓരോ ഫയർ സ്റ്റേഷനിലും രണ്ട് പേർ ബീറ്റ് കൈകാര്യം ചെയ്യുന്നുണ്ട്. വേനൽക്കാലം കടുത്തതോടെ പ്ലാന്റേഷനുകളിൽ പണിയെടുക്കുന്നവർ അതിരാവിലെ തന്നെ ടാപ്പിംഗ് പൂർത്തിയാക്കി ഉച്ചയ്ക്ക് മുൻപായി മടങ്ങുകയാണ്. ഇതോടെ തോട്ടങ്ങളിൽ ആളില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യം മുതലെടുത്ത് സമൂഹവിരുദ്ധർ പലയിടത്തും തീയിടുന്നുണ്ടെന്നും പരാതിയുണ്ട്.
കാരണം പലത്
തോട്ടത്തിലെ വഴി തെളിക്കാൻ തീയിടുന്നതും ഉണങ്ങിയ ഇലകൾ കത്തിച്ച് വളമാക്കാമെന്ന ചിലരുടെ അജ്ഞതയും പലപ്പോഴും തീപിടുത്തത്തിന് കാരണമാകും. തോട്ടവും കൃഷിയിടവും വൃത്തിയാക്കുന്നതിനായി കരിയിലകൾ കത്തിക്കുന്നതും തീ പടർന്നുപിടിക്കാൻ കാരണമാകും. ഇത്തരത്തിൽ തീ പടർന്നാൽ നിയന്ത്രിക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാക്കും.
നെയ്യാർഡാം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി സർവീസിംഗിന് പരിശീലനം നൽകിയതോടെ തുടക്കത്തിൽ തന്നെ തീയണയ്ക്കാൻ കഴിയുന്നുണ്ട്. തോട്ടങ്ങളിൽ കരിയിലയ്ക്ക് തീയിടുന്നത് ഒഴിവാക്കണം അവ മണ്ണിട്ട് മൂടണം. ഇങ്ങനെ ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം. മലയോര മേഖയിൽ അതീവ ജാഗ്രത വേണം. --ഫയർഫോഴ്സ് ഉദ്യോഗസ്ഥർ