തിരുവനന്തപുരം : പൗരത്വനിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാൻ ഗവർണറുടെ അനുമതി വേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ ഇക്കാര്യം ഗവർണറെ അറിയിക്കണം. അതിന് ഒരു ദിവസം വൈകിയത് വലിയ പ്രശ്നമല്ല. നിയമാനുസൃതമായി ഈ വിഷയം പരിശോധിക്കണം. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ നിയമം പറഞ്ഞ് നടപ്പാക്കാനുള്ള ശ്രമാണ് ഇപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
പൗരത്വനിയമത്തിനെതിരെ സ്വതന്ത്ര കർഷക സംഘം രാജ്ഭവന് മുന്നിൽ നടത്തുന്ന 25മണിക്കൂർ രാപകൽ സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാക്കളെ തൃപ്തിപ്പെടുത്താൻ ഗവർണർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
രാജാവിനെക്കാൾ വലിയ രാജഭക്തിയാണിത്. ഗവർണർക്കെതിരായ പ്രതിഷേധം അദ്ദേഹം ചോദിച്ചു വാങ്ങിയതാണ്. എം.എൽ.എമാരാണ് നിയമസഭയിൽ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പാടില്ലെന്ന് ആർക്കും പറയാനാവില്ല. പാടില്ലെന്ന് ഗവർണർ പറഞ്ഞാലും അത് ആവർത്തിക്കും.
ജനങ്ങളുടെ അഭിപ്രായം കേൾക്കാനുള്ള മര്യാദ കാണിക്കണം. അതിൽ ന്യായമുണ്ടോയെന്നു പരിശോധിക്കേണ്ട ബാദ്ധ്യത ഭരണാധികാരികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പൂക്കോടി മൊയ്തീൻ, ജനറൽ സെക്രട്ടറി ടി.പി. മമ്മൂ, ജനറൽ കൺവീനർ മൺവിള സൈനുദ്ദീൻ, സെക്രട്ടറി എൻ.ഖാലിദ് രാജ, നേതാക്കളായ ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, മാഹീൻ അബൂബക്കർ, എം.കെ.എ റഹീം, പി.എം. സലാം, പി.പി. മുഹമ്മദ് കുട്ടി, കെ.കെ.അബ്ദുൾ റഹ്മാൻ, ശ്യാം സുന്ദർ, മനോജ് ശങ്കനെല്ലൂർ, അഹമ്മദ് കാണിയൂർ തുടങ്ങിയവർ പ്രസംഗിച്ചു. സത്യാഗ്രഹം ഇന്ന് സമാപിക്കും.