കോവളം: ലൈറ്റ് ഹൗസ് ബീച്ചിലെ റോഡിലെ ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന പ്രതി പിടിയിലായി. കോവളം നീലകണ്ഠ കോളനിയിൽ ആലുനിന്ന വിളവീട്ടിൽ ദിലീപ് ഖാൻ (37) ആണ് പിടിയിലായത്. പ്രദേശത്തെ സി.സി. ടിവി കാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പ്രതി കോവളം ഫയർഫോഴ്സ് സ്റ്റേഷന്റെ ഭാഗത്തു നിന്ന് നടന്നു വരികയും ഹോട്ടലിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും വിലപിടിപ്പുള്ള രേഖകളും കവരുകയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഏതാനും ആഴ്ചകൾക്കു മുമ്പ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇയാളെ കോടതിയിൽ ഹാജരാക്കിയതായും കോവളം പൊലീസ് അറിയിച്ചു.