തിരുവനന്തപുരം: ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുമായി തമ്പാനൂർ റെയിൽവേ സ്റ്രേഷനിൽ നിന്ന് കർണാടക സ്വദേശി റെയിൽവേ പൊലീസിന്റെ പിടിയിൽ. ബംഗളൂരു യെലഹങ്ക അനന്തപുര സ്വദേശി എം.ഗംഗരാജു (37) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുള്ള മുഷിഞ്ഞ ബാഗിൽ നിന്ന് 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ബംഗളൂരുവിൽ ഇന്ന് നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടിന് പണമെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.
യാത്രക്കാരുടെ ബാഗ് പൊലീസ് പരിശോധിക്കുന്നതിനിടെ മാറി നിൽക്കുന്നത് കണ്ടാണ് പൊലീസ് ഗംഗരാജുവിന്റെ ബാഗ് പരിശോധിച്ചത്. ഇയാൾ കഴിഞ്ഞ മൂന്നു ദിവസമായി നഗരത്തിലെ പല ലോഡ്ജുകളിലായി താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പണം കൈമാറിയ ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെ രാവിലെ പത്തു മണിയോടെ എസ്.എസ്.കോവിൽ റോഡിന് സമീപത്തെ ലോഡ്ജിന് മുൻവശത്ത് നിന്ന് ഇയാളെ വെള്ള ഇന്നോവ കാറിൽ കയറ്റി കണ്ണു കെട്ടി നഗരത്തിലെ ഏതോ വീട്ടിൽ എത്തിച്ചു. അവിടെ വച്ച് പണമടങ്ങിയ ബാഗ് കൈമാറിയെന്നാണ് ഇയാൾ നൽകിയ മൊഴി.
പണം ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതിന് എ.സി കോച്ചിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റും 6000 രൂപയുമാണ് പ്രതിഫലമായി നൽകിയത്. പ്രതിയെ എൻഫോഴ്‌സ്‌മെന്റിന് കൈമാറുമെന്നും പണം കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു. റെയിൽവേ സർക്കിൾ ഇൻസ്‌പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പുഷ്‌കരൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, ശ്രീജിത്ത്, ജെറോം, സജു, വിവേക്, സലിൽദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.