തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 26ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് അണിചേരും. പരിപാടിയിൽ പാർട്ടിയുടെയും ബഹുജന സംഘടനകളടേയും പ്രവർത്തകരുടെ സജീവ പങ്കാളിത്തമുറപ്പാക്കാൻ ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം കൊല്ലത്തും പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എറണാകുളത്തും ദേശീയ എക്സിക്യൂട്ടീവംഗം കെ.ഇ. ഇസ്മായിൽ പാലക്കാട്ടും അണിചേരും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ കാസർകോട്ടും അഡ്വ.കെ. രാജു കൊല്ലത്തും പി. തിലോത്തമൻ ആലപ്പുഴയിലും വി.എസ്. സുനിൽകുമാർ തൃശൂരും ചീഫ് വിപ്പ് അഡ്വ. കെ. രാജൻ തൃശൂരും ഡെപ്യൂട്ടി സ്പീക്കർ വി. ശശി തിരുവനന്തപുരത്തും പങ്കെടുക്കും. ഗോവിന്ദ് പൻസാരെ ദിനമായ ഫെബ്രുവരി 20ന് സി.പി.ഐ സംസ്ഥാനത്ത് ''മതനിരപേക്ഷ സംഗമം'' സംഘടിപ്പിക്കും. പാർട്ടിയുടെ 170 മണ്ഡലം കമ്മിറ്റികളും അതത് മണ്ഡലം കേന്ദ്രങ്ങളിൽ വൈകന്നേരം 5 മണിക്ക് മതനിരപേക്ഷ സംഗമം സംഘടിപ്പിക്കും.