വർക്കല: ലണ്ടൻ സ്വദേശിനിയെ ആക്രമിച്ച് ബാഗ് കവർന്ന കേസിൽ രണ്ട്പേരെ വർക്കല പൊലീസ് അറസ്റ്റു ചെയ്തു. ഡോ. സോഫിയ ഡാനോസിന്റെ (34) ബാഗാണ് പ്രായപൂർത്തിയാകാത്ത രണ്ട്പേർ സ്കൂട്ടറിലെത്തി കവർന്നത്. ശനിയാഴ്ച വൈകിട്ട് സോഫിയയും കൂട്ടുകാരി റെനറ്ര ഹോർവാറ്റിനൊപ്പം വർക്കല ചക്രതീർത്ഥ കുളത്തിന് സമീപത്തുകൂടി നടന്നു പോകുമ്പോഴായിരുന്നു സംഭവം. സോഫിയയുടെ തോളിന്റെ ഭാഗത്ത് പരിക്കേറ്റിട്ടുണ്ട്. മൊബൈൽഫോൺ, പണം, ക്രെഡിറ്റ് കാർഡുകൾ, മറ്റു രേഖകൾ എന്നിവ അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ജനാർദ്ദനപുരം മുതൽ വർക്കല വരെയുളള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടർ പാളയംകുന്ന് അക്ഷയ സെന്ററിന് സമീപത്തു നിന്നു മോഷ്ടിച്ചതാണെന്ന് പൊലീസിന് വിവരം ലഭിച്ചു. വിശദ പരിശോധനയിൽ വിദ്യാർത്ഥികളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. ഇരുവരും സ്കൂട്ടറിൽ വയനാട്ടിലേക്കാണ് പോയത്. മറ്റു ഫോണിൽ നിന്നു ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഇവർ രണ്ടുപേരും തിരികെ വരുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം നീണ്ടകര പാലത്തിൽ കാത്തുനിന്ന പൊലീസ് കഴിഞ്ഞ ദിവസം രാവിലെ ഇവരെ പിടികൂടുകയായിരുന്നു. മൊബൈൽഫോണും മറ്റുരേഖകളും ഉൾപ്പെടെയുള്ള ബാഗ് ഇവരിൽ നിന്നും കണ്ടെത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി വി.ബേബിയുടെ നിർദ്ദേശത്തെ തുടർന്നാണ് വർക്കല എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.