തിരുവനന്തപുരം: രാത്രിയുടെ മറവിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കൊണ്ട് പൊറുതിമുട്ടി നഗരം. അറവുശാലകൾ, കോഴിക്കടകൾ എന്നിവിടങ്ങളിൽ നിന്ന് ഇറച്ചി മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളിൽ തള്ളുന്ന സംഘങ്ങൾ സജീവമാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ 30 ചാക്ക് ഇറച്ചി മാലിന്യമാണ് ഉപേഷിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം കാമറകളിൽ പതിഞ്ഞെങ്കിലും നമ്പർ മറച്ച നിലയിലാണ്. പ്രവർത്തനം നിലച്ച സ്ഥാപനങ്ങൾക്ക് സമീപമാണ് മാലിന്യം തള്ളിയത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇടപെട്ട് മാലിന്യം സംസ്‌കരിച്ചു. ആറ് മാസം മുമ്പ് മാലിന്യം തള്ളുന്നത് പതിവായിരുന്നുവെന്നും നിരീക്ഷണം കർശനമാക്കിയതോടെ ഇതിന് കുറവുണ്ടായിരുന്നെന്നും വ്യവസായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മാലിന്യം തള്ളുന്നവർക്കെതിരെ കൂടുതൽ നിയമ നടപടികൾ ആലോചിക്കുകയാണെന്നും രാത്രികാല സ്‌ക്വാഡ് പൊലീസിന്റെ സഹായത്തോടെ ശക്തിപ്പെടുത്തുമെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു.