തിരുവനന്തപുരം: മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച നടപടിക്ക് കേരള ബാങ്കിന്റെ പ്രഥമ പൊതുയോഗം അംഗീകാരം നൽകി. അംഗത്വഘടനയിലുണ്ടായ മാറ്റവും, പുതിയ ലോഗോയും, കേരള ബാങ്ക് എന്ന ബ്രാൻഡ് നെയിമും യോഗം അംഗീകരിച്ചു.
കേരളബാങ്കിന്റെ നിർദ്ദിഷ്ട ബൈലോ ഭേദഗതി ഏകകണ്ഠമായി അംഗീകരിച്ച പൊതുയോഗം ബാങ്കിന്റെ ദർശനരേഖയ്ക്കും, അടുത്ത 3 വർഷത്തേക്കുള്ള ബിസിനസ് പ്ലാനിനും അംഗീകാരം നൽകി. നിലവിലെ ഒരു ലക്ഷം കോടിയുടെ ബിസിനസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയായി വർദ്ധിപ്പിക്കുകയാണ് കേരളബാങ്കിന്റെ ലക്ഷ്യം. 987 പ്രതിനിധികൾ ജനറൽ ബോഡിയിൽ പങ്കെടുത്തു. യോഗം ബഹിഷ്കരിക്കാൻ യു.ഡി.എഫ് ആഹ്വാനം ചെയ്തെങ്കിലും യു.ഡി.എഫുകാരായ നൂറോളം സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാക്കളായ വി.ജെ പൗലോസ് ( എറണാകുളം) ,എൻ.കെ.അബ്ദുറഹിമാൻ,( കോഴിക്കോട്) ടി.യു ഉദയൻ , കല്ലിങ്കൽ പത്മനാഭൻ, മുസ്ലീംലീഗ് നേതാവ് സിദ്ധിഖ് (പാലക്കാട് ) ,കേരള കോൺഗ്രസ് നേതാക്കളായ മാത്യു ആന്റണി(വഴിത്തല )ജോൺസൺ ജോസഫ്(പുറപ്പുഴ ), ജോസ് തോമസ് (കരിങ്കുന്നം )തുടങ്ങിയവരാണ് എത്തിയത്. .