തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കാഞ്ഞിരംകുളം മേലേവിളാകം പുത്തൻപഴഞ്ഞി വീട്ടിൽ സരോജമാണ് (66)​ മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ പാപ്പനംകോട് എൻജിനിയറിംഗ് കോളേജിന് സമീപത്താണ് അപകടമുണ്ടായത്. പാപ്പനംകോടുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനായി ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ കൈമനത്തുനിന്നും പാപ്പനംകോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് സരോജത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഉടൻതന്നെ പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. കരമന പൊലീസ് കേസെടുത്തു.മക്കൾ: റോബി,​ മഞ്ജു.ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്കും പരിക്കേറ്റു.