തിരുവനന്തപുരം: ഹരിതകേരളം മിഷൻ, തദ്ദേശ വകുപ്പ്, ശുചിത്വമിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിലെ ദേശീയ സെമിനാറുകൾക്കും ശില്പശാലകൾക്കും ഇന്ന് തുടക്കമാവും. വൈകിട്ട് 5ന് കനകക്കുന്ന് സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകൾ വിതരണം ചെയ്യും. മിഷൻ പ്രവർത്തനമികവുകളുടെ അവതരണവും ദേശീയതലത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ അവതരണവും നടക്കും. സംഗമത്തോടനുബന്ധിച്ചു നടക്കുന്ന പ്രദർശന വിപണന മേള 22 വരെ സൂര്യകാന്തിയിൽ തുടരും.