pinarayi

തിരുവനന്തപുരം: സമയനിഷ്ഠ പാലിക്കാത്തതിനാൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിമിഷങ്ങൾക്കുള്ളിൽ മടങ്ങി. സി.പി.എമ്മിന്റെ പോഷകസംഘടനയായ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സമാപന സമ്മേളനമായിരുന്നു ഇന്നലെ വൈകിട്ട് അഞ്ചിന്. പുത്തരിക്കണ്ടം നായനാർ പാർക്കിലെ സമ്മേളനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജിനുമുന്നിൽ നിന്ന് പ്രകടനം ആരംഭിക്കുന്നതിനാൽ 5.30ഓടെ എത്തിയാൽ മതിയെന്ന് സംഘാടകർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എത്തിയെങ്കിലും പ്രകടനം പൂർത്തിയായിരുന്നില്ല. സംഘാടകരും പ്രകടനത്തിലായിരുന്നതിനാൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ആരും ഇല്ലാത്ത സ്ഥിതിയായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മടങ്ങിയത്. ആറു മണിക്ക് നിശാഗന്ധിയിലെ പരിപാടിയുള്ളതിനാലാണ് മുഖ്യമന്ത്രി പോയതെന്നും അതിനുശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തുമെന്നും ചടങ്ങിൽ പങ്കെടുത്ത സി.പി.എം നേതാക്കൾ അറിയിച്ചെങ്കിലും അതുണ്ടായില്ല. നിശാഗന്ധിയിലെ പരിപാടിക്കുശേഷം ഭാരവാഹികൾ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും തിരക്കുകൾ കാരണം എത്താൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.