ആസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലൻഡ് പര്യടനത്തിന് തിരിച്ചു
മുംബയ് : ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കിയ വിരാട് കൊഹ്ലിയും കൂട്ടരും ഇന്നലെ അടുത്ത അശ്വമേധത്തിനായി ന്യൂസിലൻഡിലേക്ക് തിരിച്ചു. അഞ്ച് ട്വന്റി -20 കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന പര്യടനത്തിന് വെള്ളിയാഴ്ച ഓക്ലാൻഡിൽ നടക്കുന്ന ട്വന്റി 20യോടെയാണ് തുടക്കമാകുന്നത്. ഫെബ്രുവരി 29നാണ് അവസാന ടെസ്റ്റിന് ആരംഭമാകുന്നത്.
കഴിഞ്ഞ വർഷം ആസ്ട്രേലിയയോട് മാത്രം സ്വന്തം നാട്ടിൽ ഏകദിന പരമ്പര തോറ്റ ഇന്ത്യ പുതുവർഷത്തിൽ അതിനു പകരം വീട്ടുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിന് തോറ്റ ശേഷമാണ് ഇന്ത്യ തിരിച്ചടിച്ച് നേടിയത്. രാജ്കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ 36 റൺസിന് വിജയിച്ച ഇന്ത്യ ബംഗളൂരുവിലെ മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയം നേടുകയായിരുന്നു. മൂന്ന് മത്സരത്തിലും ടോസ് നേടാൻ കൊഹ്ലിക്ക് കഴിഞ്ഞിരുന്നില്ല.
ആസ്ട്രേലിയപോലെയൊരു ശക്തമായ ടീമിനോട് ആദ്യ മത്സരത്തിൽ തോൽക്കേണ്ടിവന്നത് കൊഹ്ലിയെയും കൂട്ടരെയും സമ്മർദ്ദത്തിലാക്കിയിരുന്നു. തോൽവിയുടെ മാർജിനാണ് ആരാധകരെയും അമ്പരപ്പിച്ചത്. എന്നാൽ, തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ കാഴ്ച വച്ച പ്രകടനം കിവീസിലേക്ക് പോകുമ്പോൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
പര്യടന ഫിക്സ്ചർ
5 ട്വന്റി 20കൾ
1. ജനുവരി 24 ഒാക്ലൻഡ്
2. ജനുവരി 26 ഓക്ലൻഡ്
3. ജനുവരി 29 ഹാമിൽടൺ
4. ജനുവരി 31 വെല്ലിംഗ്ടൺ
5. ഫെബ്രുവരി 2 മൗണ്ട് മൗംഗാനൂയി
3 ഏകദിനങ്ങൾ
1. ഫെബ്രുവരി 5
ഹാമിൽടൺ
2. ഫെബ്രുവരി 8
ഓക്ലൻഡ്
3. ഫെബ്രുവരി 11
മൗണ്ട് മൗംഗാനൂയ്
2. ടെസ്റ്റുകൾ
1. ഫെബ്രുവരി 21-25 വെല്ലിംഗ്ടൺ
2. ഫെബ്രുവരി 29-മാർച്ച് 4
ക്രൈസ്റ്റ് ചർച്ച്
ഇന്ത്യ ട്വന്റി 20 സ്ക്വാഡ്
വിരാട് കൊഹ്ലി (ക്യാപ്ടൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്ടൻ), ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ, ശിഖർ ധവാൻ, ശിവം ദുബെ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, കുൽദീപ്, ഷമി, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ, നവ്ദീപ് സെയ്നി, ശാർദ്ദൂൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ.
ന്യൂസിലൻഡ് ട്വന്റി 20 സ്ക്വാഡ്
കേൻ വില്യംസൺ (ക്യാപ്ടൻ), ഹാമിഷ ബെന്നറ്റ്, ടോം ബ്രൂസ്, കോളിൻ ഡി ഗ്രാൻഡ് ഹോം, മാർട്ടിൻ ഗപ്ടിൽ, സ്കോട്ട് ക്രൂഗ്ളിൻ, ഡാമിൽ മിച്ചേൽ, കോളിൻ മൺറോ, മിച്ചൽ സാന്റ്നർ, ടിം സീഫർട്ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലർ, ബ്ളെയർ ടിക്ക്നർ.
2019
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇന്ത്യ ന്യൂസിലൻഡിൽ അവസാനമായി പര്യടനം നടത്തിയത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20കളുമാണ് ഈ പര്യടനത്തിലുണ്ടായിരുന്നത്. ഏകദിന പരമ്പര 4-1ന് ഇന്ത്യ ജയിച്ചപ്പോൾ ട്വന്റി 20 പരമ്പര 2-1ന് കിവീസ് സ്വന്തമാക്കി.
3
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടെ മൂന്നാമത്തെ ന്യൂസിലൻഡ് പര്യടനമാണിത്. 2013-14 സീസണിലായിരുന്നു ആദ്യപര്യടനം.
''കഴിഞ്ഞ പര്യടനത്തിൽ ഏകദിന പരമ്പരയിൽ കിവീസിനെ 4-1ന് കീഴടക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണയും അതിന് സാധിക്കും. സ്വന്തം മണ്ണിൽ കിവീസിനെ സമ്മർദ്ദത്തിലാക്കാനുള്ള കരുത്ത് നമുക്കുണ്ട്.
- വിരാട് കൊഹ്ലി, ഇന്ത്യൻ ക്യാപ്ടൻ.