arif-mohammad-khan

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി പരസ്യ ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്ത ഗവർണറുടെ നടപടി സംസ്ഥാന ചരിത്രത്തിൽ അപൂർവ്വം. ഇതിന് മുമ്പും ഗവർണർമാരുമായി അഭിപ്രായഭിന്നതകളുണ്ടായിട്ടുണ്ടെങ്കിലും സർക്കാരിനെതിരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ രൂക്ഷ വിമർശനമുന്നയിക്കുന്ന ആദ്യത്തെ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ.

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതാണ് ഗവർണറെ ആദ്യം പ്രകോപിപ്പിച്ചത്. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയ ഗവർണർക്ക് കണ്ണൂരിൽ ചരിത്ര കോൺഗ്രസിന്റെ വേദിയിൽ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവന്നു. പിന്നീടിങ്ങോട്ട് അദ്ദേഹം നിലപാടുകൾ കടുപ്പിച്ചുകൊണ്ടിരുന്നു. കേന്ദ്രനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ നടപടിയിൽ തെറ്റില്ലെന്ന് ആദ്യം പറഞ്ഞ ഗവർണർ, തന്നോടാലോചിക്കാതെ ഇത് ചെയ്തത് ശരിയായില്ലെന്ന് പിറ്റേന്ന് തുറന്നടിച്ചു. . തദ്ദേശ ഓർഡിനൻസ് ഒപ്പുവയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യാതെയും സർക്കാരിന് മേൽ സമ്മർദ്ദം കനപ്പിച്ചു.

സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾ ഗവർണർമാർ പരസ്യമായി പ്രകടിപ്പിക്കാറില്ല. ഫയലിലൂടെയാണ് പലപ്പോഴും പങ്കുവയ്ക്കുക. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം തൊട്ടേ ഗവർണർ- സർക്കാർ ശീതസമരം നടന്നിട്ടുണ്ടെങ്കിലും അതൊന്നും പരസ്യമായ വാക്പോരിലെത്തിയില്ല. നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിദ്ധ്യത്തിന്റെ പേരിലാണ് 1957ലെ ഇ.എം.എസ് സർക്കാരും ഗവർണർ ബി. രാമകൃഷ്ണറാവുവും കൊമ്പുകോർത്തത്. സർക്കാർ നിർദ്ദേശിക്കുന്നയാൾക്ക് പകരം ഗവർണർ സ്വന്തമായി ആളെ നോമിനേറ്റ് ചെയ്തതാണ് തർക്കത്തിലെത്തിയത്. 1988-90ൽ രാംദുലാരി സിൻഹയുടെ കാലത്ത് ഗവർണർ-സർക്കാർ ബന്ധം ഏറെ ഉലഞ്ഞു.. കോഴിക്കോട് സർവ്വകലാശാലാ സിൻഡിക്കേറ്റിലേക്ക് സർക്കാർ നിർദ്ദേശിച്ചവരെ ഒഴിവാക്കി ഗവർണർ ചാൻസലറെന്ന നിലയിൽ സ്വന്തമായി ആളുകളെ നിശ്ചയിച്ചു. പ്രതിപക്ഷനേതാവായിരുന്ന കെ. കരുണാകരന് താല്പര്യമുള്ളവരെ നിശ്ചയിച്ചെന്നായിരുന്നു ഭരണകക്ഷിയുടെ ആക്ഷേപം. ചാൻസലറുടെ നടപടിക്കെതിരെ നിയമസഭ അന്ന് ശാസനാപ്രമേയം പാസ്സാക്കി. പിന്നീട് ഗവർണറെ വഴിതടയലടക്കമുള്ള പ്രതികരണങ്ങളുണ്ടായെങ്കിലും ഗവർണർ പരസ്യപ്രതികരണത്തിന് മുതിർന്നില്ല. വൈദ്യുതിമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഉയർന്ന ലാവ്‌ലിൻ കേസിൽ മന്ത്രിസഭാനിർദ്ദേശം തള്ളി പ്രോസിക്യൂഷന് ഗവർണർ ആർ.എസ്. ഗവായ് അനുമതി നൽകിയതും വിവാദമായി. വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് പിണറായി സർക്കാർ നൽകിയ എ.എ. റഷീദിന്റെ പേര് വെട്ടിയത് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ്. രാഷ്ട്രീയകൊലപാതകങ്ങളുടെയും ശബരിമല അക്രമങ്ങളുടെയും പേരിൽ ജസ്റ്റിസ് സദാശിവം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പക്ഷേ ,അതൊന്നും പരിധി വിട്ടില്ല.