തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ കരട് വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ആകെ 25158205 വോട്ടർമാരാണുള്ളത്. ഇതിൽ 12082390 പുരുഷൻമാരും 13075725 സ്ത്രീകളും 115 ട്രാൻസ്ജന്റേഴ്സും ഉൾപ്പെടുന്നു.
എല്ലാ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും. www.lsgelection.kerala.gov.in ലും പട്ടിക ലഭ്യമാണ്.
ഈവർഷം ജനുവരി 1നോ അതിനു മുമ്പോ 18വയസ് തികഞ്ഞവർക്ക് www.lsgelection.kerala.gov.in ലൂടെ ഫെബ്രുവരി 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. തിരുത്തൽ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ, വാർഡ് മാറ്റത്തിനുമുള്ള അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാം. അടുത്തമാസം 28ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വോട്ടർമാർ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആകെ
പുരുഷൻമാർ- 9398404 1585668 1098318 12082390
സ്ത്രീകൾ - 10152800 1731049 1191876 13075725
ട്രാൻസ്ജന്റേഴ്സ് - 90 25 - 115
ആകെ- 19551294 3316742 2290194 25158230