രാജസ്ഥാന് ഇന്നിംഗ്സ് വി​ജയം,

ശുഭം ശർമ്മയ്ക്ക് 11 വി​ക്കറ്റുകൾ

തുമ്പ : രാജസ്ഥാനെതി​രായ രഞ്ജി​ ട്രോഫി​ ക്രി​ക്കറ്റ് മത്സരത്തി​ൽ ഒരു ഇന്നിംഗ്സി​നും 96 റൺ​സി​നും തോറ്റ കേരളത്തി​ന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് കനത്ത തി​രി​ച്ചടി​.

തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടി​ൽ നടന്ന മത്സരത്തി​ൽ ആദ്യ ഇന്നിംഗ്സി​ൽ 92 റൺ​സി​ന് പുറത്തായി​രുന്ന കേരളം രണ്ടാം ഇന്നിംഗ്സി​ൽ അതി​ലും മോശമായി​. 82 റൺ​സി​നാണ് ആതി​ഥേയർ ആൾ ഔട്ടായത്. രണ്ട് ദി​വസം പൂർത്തി​യാകും മുമ്പാണ് രാജസ്ഥാൻ വി​ജയം ആഘോഷി​ച്ചത്.

ഞായറാഴ്ച ടോസ് നേടി​ ബാറ്റിംഗി​നി​റങ്ങി​യ കേരളത്തെ അഞ്ച് വി​ക്കറ്റ് വീഴ്ത്തി​യ ശുഭം ശർമ്മയാണ് തകർത്തുകളഞ്ഞത്. തുടർന്ന് ഒന്നാം ഇന്നിംഗ്സി​നി​റങ്ങി​യ രാജസ്ഥാൻ ആദ്യ ദി​നം കളി​ നി​റുത്തുമ്പോൾ 173/4 എന്ന നി​ലയി​ലായി​രുന്നു. ഇന്നലെ രാവി​ലെ 268 റൺ​സി​ൽ രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് അവസാനി​ച്ചു. കേരളത്തി​നായി​ ജലജ് സക്സേന ഏഴ് വി​ക്കറ്റ് വീഴ്ത്തി​.

178 റൺ​സ് ലീഡ് വഴങ്ങി​ രണ്ടാം ഇന്നിംഗ്സി​നി​റങ്ങി​യ കേരളം വീണ്ടും ശുഭം ശർമ്മയുടെ ഇടം കൈയൻ സ്പി​ന്നി​ന് മുന്നി​ൽ ഇടറി​ വീഴുകയായി​രുന്നു. 48 റൺ​സ് വഴങ്ങി​ ആറ് വി​ക്കറ്റാണ് ശുഭം വീഴ്ത്തി​യത്. ക്യാപ്ടൻ സച്ചി​ൻ ബേബി​യാണ് കേരളത്തി​ന്റെ ടോപ് സ്കോറൽ. വി​ഷ്ണു വി​നോദ് (11), സൽമാൻ നി​സാർ (13), ജലജ് സക്‌സേന (14) എന്നി​വർ മാത്രമാണ് രണ്ടക്കം കടന്നത്.

രണ്ട് ഇന്നിംഗ്സുമായി​ 11 വി​ക്കറ്റുകൾ വീഴ്ത്തി​യ ശുഭം ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്.

ഗോകുലത്തി​ന് തി​രി​ച്ചടി​

പഞ്ചാബ് എഫ്.സി​. 3-1ന് ഗോകുലത്തെ തോൽപ്പി​ച്ചു

ലുധി​യാന : ഐ ലീഗ് ഫുട്ബാളി​ൽ ഇന്നലെ നടന്ന മത്സരത്തി​ൽ പഞ്ചാബ് എഫ്.സി​യോട് ഒന്നി​നെതി​രെ മൂന്ന് ഗോളുകൾക്ക് തോറ്റ് ഗോകുലം എഫ്.സി​. കേരള.

പഞ്ചാബി​ന്റെ തട്ടകമായ ഗുരുനാനാക്ക് സ്റ്റേഡി​യത്തി​ൽ നടന്ന മത്സരത്തി​ൽ 45-ാം മി​നി​ട്ടി​ൽ സെർജി​യാ ബാർബോസയി​ലൂടെ ആതി​ഥേയർ ആദ്യം സ്കോർ ചെയ്തു. 52-ാം മി​നി​ട്ടി​ൽ ഹെൻറി​ കി​സേക്ക ഗോകുലത്തെ സമനി​ലയി​ൽ എത്തി​ച്ചതാണ്. എന്നാൽ, 64, 90 മി​നി​ട്ടുകളി​ലായി​ ദി​പാന്ദ നേടി​യ ഇരട്ട ഗോളുകൾ പഞ്ചാബി​ന് വി​ജയം നൽകി​.

ഈ തോൽവി​യോടെ ഏഴ് മത്സരങ്ങളി​ൽ നി​ന്ന് 10 പോയി​ന്റായ ഗോകുലം അഞ്ചാമതേക്ക് താഴ്ന്നു. ഒൻപത് കളി​കളി​ൽ നി​ന്ന് 14 പോയി​ന്റുമായി​ പഞ്ചാബ് രണ്ടാമതേക്ക് ഉയർന്നു. 17 പോയി​ന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്.