തിരുവനന്തപുരം: വ്യാപാരികളുടെ ഐക്യവും കരുത്തും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട പണംപോലും അനുവദിക്കാതെ കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലുമെന്നപോലെ വ്യാപാരികളെയും സംരക്ഷിക്കാനുള്ള പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ, ബിന്നി ഇമ്മട്ടി, എസ്. ദിനേശ്, എൻ.സുധീന്ദ്രൻ, പി.എൻ.മധു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.എസ്. ബിജു സ്വാഗതവും ജില്ലാ സെക്രട്ടറി എം.ബാബുജൻ നന്ദിയും പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യമഹാ ശൃംഖലയിൽ ഒരു ലക്ഷം വ്യാപാരികളെ പങ്കെടുപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി.കെ.സി. മമ്മദ്‌കോയ എം.എൽ.എയെയും സെക്രട്ടറിയായി ഇ.എസ്.ബിജുവിനെയും തിരഞ്ഞെടുത്തു. എസ്.ദിനേശാണ് ട്രഷറർ. വി.പാപ്പച്ചൻ, കെ.എം. ലെനിൻ, സി.കെ.ജലീൽ, കെ.പങ്കജവല്ലി, സുധ.എൽ.സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), വി ഗോപിനാഥ്, ബിന്നി ഇമ്മട്ടി, ടി.വി.ബൈജു, സി.കെ.വിജയൻ, സീനത്ത് ഇസ്മായിൽ (ജോയിന്റ് സെക്രട്ടറിമാർ) ഇവർ ഉൾപ്പെടെ 76 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.