മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0ത്തിന് തോല്പിച്ച ലിവർപൂൾ 16 പോയിന്റ് ലീഡുമായി പ്രിമിയർ ലീഗിൽ ഒന്നാമത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇക്കുറി കിരീടം തങ്ങൾക്ക് തന്നെയെന്ന് ഉറപ്പിച്ച് ലിവർപൂൾ. കഴിഞ്ഞ രാത്രി നടന്ന കരുത്തൻമാരുടെ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയ ലിവർപൂൾ 16 പോയിന്റിന്റെ ലീഡുമായാണ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ വിർജിൽ വാൻഡിക്കും രണ്ടാം പകുതിയിൽ മുഹമ്മദ് സലായും നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. 14-ാം മിനിട്ടിൽ അലക്സാണ്ടർ അർനോൾഡ് ഉയർത്തിവിട്ട കോർണർ കിക്കിന് തലവച്ചാണ് വാൻഡിക് ലിവറിനെ മുന്നിലെത്തിച്ചത്. ഇൻജുറി ടൈമിൽ സ്വന്തം ഗോളി ആലിസൺ നീട്ടി നൽകിയ കിക്ക് പിടിച്ചെടുത്ത് മാഞ്ചസ്റ്റർ ഡിഫൻഡറെ സമർത്ഥമായി ഓടിത്തോൽപ്പിച്ച് സലാഹ് രണ്ടാം ഗോളും നേടി.
ഈ വിജയത്തോടെ ലിവർപൂളിന് 22 മത്സരങ്ങളിൽ നിന്ന് 64 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 23 മത്സരങ്ങളിൽ നിന്ന് 48 പോയിന്റേ നേടാനായിട്ടുള്ളൂ.
ഈ സീസണിൽ പ്രിമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഡിഫൻഡറാണ് വിർജിൻ വാൻഡിക്ക്.
2001-02 സീസണിൽ ആഴ്സനലിന് ശേഷം ആ 22 പ്രീമിയർ ലീഗ് മത്സരങ്ങളിലും സ്കോർ ചെയ്യുന്ന ആദ്യ ടീമാണ് ലിവർപൂൾ.
2010 മാർച്ചിൽ പെപെ റെയ്നയ്ക്ക് ശേഷം ഗോൾ അസിസ്റ്റ് നടത്തുന്ന ആദ്യ ഗോൾകീപ്പറാണ് ആലിസൺ.
തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലാണ് അലിസൺ ഗോൾ വഴങ്ങാതിരിക്കുന്നത്.
പോയിന്റ് ടേബിൾ
(ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ)
ലിവർപൂൾ 22-64
മാഞ്ചസ്റ്റർ സിറ്റി 23-48
ലെസ്റ്റർ സിറ്റി 23-45
ചെൽസി 23-39
മാൻ യുണൈറ്റഡ് 23-24
മറ്റൊരു മത്സരത്തിൽ ബേൺലി 2-1ന് ലെസ്റ്റർ സിറ്റിയെ അട്ടിമറിച്ചു.
മെസി ഗോളിൽ
സെറ്റിയാന് വിജയ അരങ്ങേറ്റം
ബാഴ്ന 1-0ത്തിന് ഗ്രനാഡയെ കീഴടക്കി
ബാഴ്സലോണ : സൂപ്പർ താരം ലയണൽ മെസി സ്കോർ ചെയ്ത ഏക ഗോളിന് വിജയം നേടി ക്വിക്വെ സെറ്റിയൻ ബാഴ്സലോണ പരിശീലകനായി അരങ്ങേറി. സ്വന്തം തട്ടകമായ ക്യാംപ് സദവിൽ നടന്ന മത്സരത്തിന്റെ 76-ാം മിനിട്ടിലാണ് മെസി സ്കോർ ചെയ്തത്.
71-ാം മിനിട്ടിൽ ജർമ്മൻ സാഞ്ചസിനെ രണ്ടാം മഞ്ഞക്കാർഡിലൂടെ നഷ്ടമാകുന്നത് വരെ ബാഴ്സയെ ഗോളടിക്കാൻ ഗ്രനാഡ സമ്മതിച്ചിരുന്നില്ല. 76-ാം മിനിട്ടിൽ വിദാലിന്റെ ക്രോസിൽ നിന്നായിരുന്നു മെസിയുടെ ഗോൾ.
ഈ വിജയത്തോടെ ബാഴ്സലോണ ലാലിഗയിലെ ഒന്നാം സ്ഥാനം റയലിൽ നിന്ന് തിരിച്ചുപിടിച്ചു. റയലിനും ബാഴ്സയ്ക്കും 43 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സയാണ് മുന്നിൽ.