നൊവാക്ക് ജോക്കോവിച്ച് റോജർ ഫെഡറർ, സെറീനാ വില്യംസ്, നവോമി ആദ്യ റൗണ്ടിൽ വിജയിച്ചു
മെൽബൺ : സീസണിലെ ആദ്യ ഗ്രാൻഡ്സ്ളാമായ ആസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ ദിവസം അട്ടിമറികളില്ല. മുൻനിര താരങ്ങളൊക്കെ സുരക്ഷിതമായി രണ്ടാം റൗണ്ടിൽ എത്തി.
നിലവിലെ ചാമ്പ്യൻമാരായ നൊവാക്ക് ജോക്കോവിച്ച്, നവോമി ഒസാക്ക, മുൻ ചാമ്പ്യൻമാരായ റോജർ ഫെഡറർ, സെറീന വില്യംസ് എന്നിവരാണ് ഇന്നലെ ഒന്നാം റൗണ്ടിൽ വിജയം നേടിയ പ്രമുഖർ.
മൂന്നാം സീഡായി മത്സരിക്കാനിറങ്ങിയ നവോമി ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് റിപ്പബ്ളിക്കിന്റെ മാരീ ബൗസ്ക്കോവയെയാണ് കീഴടക്കിയത്. ഒരു മണിക്കൂർ 20 മിനിട്ട് നീണ്ടു നിന്ന മത്സരത്തിൽ 6-26-4 എന്ന സ്കോറിനായിരുന്നു അമേരിക്കൻ യുവതാരത്തിന്റെ വിജയം.
മറ്റൊരു അമേരിക്കക്കാരിയായ സെറീന വില്യംസ് ആദ്യ റൗണ്ടിൽ കീഴടക്കിയത് റഷ്യൻ താരം അനസ്താസ്യ പൊട്ടപ്പോവയെയായിരുന്നു. വെറും 58 മിനിട്ടുകൊണ്ട് 6-0, 6-3 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം.
പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ നൊവാക്ക് ജോക്കോവിച്ചിന് ആദ്യ മത്സരത്തിൽ അല്പം വിഷമിക്കേണ്ടി വന്നെങ്കിലും ജയിക്കാനായി. ജർമ്മൻ താരം യാൻ ലെന്നാഡ് സ്ട്രഫിനെതിരെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6 (7/5), 6-2, 2-6, 6-1 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ വിജയം. മത്സരം രണ്ട് മണിക്കൂർ 16 മിനിട്ട് നീണ്ടു.
മുൻ പുരുഷ ചാമ്പ്യൻ റോജർ ഫെഡറർക്ക് ആദ്യ റൗണ്ടിൽ ഈസി മാച്ചായിരുന്നു. അമേരിക്കൻ താരം സ്റ്റീവ് ജോൺസണെ 6-3, 6-2, 6-2നാണ് ഫെഡറർ കീഴടക്കിയത്. വനിതാ സിംഗിൾസിൽ ടോപ് സീഡ് ആഷ്ലി ബാർട്ടി ആദ്യ സെറ്റ് നഷ്ടമായ ശേഷം ഉക്രേനിയൻ താരം ലെസിയ സുരേങ്കയോട് പൊരുതി ജയിച്ചു. സ്കോർ 7-5, 6-1, 6-1.
ആദ്യ റൗണ്ടിൽ വിജയിച്ചവർ
സ്റ്റാൻസിലസ് സിസ്റ്റിപ്പാസ്, ഡെന്നിസ് ഷാപ്പോവലോവ്, പെട്ര ക്വിറ്റോവ, മാറ്റിയോ ബെരറ്റിനി, ഗ്രിഗോർ ഡിമിത്രോവ്, ഫിലിപ്പ് കോർഷ്റൈബർ, സാം ക്വെറി, ജൂലിയ ജോർജസ്, പെട്ര മാറ്റിക്, കരോളിൻ വൊഡ്നിയാക്കി തുടങ്ങിയവരും ആദ്യ റൗണ്ടിൽ വിജയങ്ങൾ നേടി.
തലമുറകളുടെ പോര്
ഇന്നലെ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ 15കാരിയായ അമേരിക്കൻ താരം കോക്കോ ഗൗഫ് 39കാരിയായ സ്വന്തം നാട്ടിലെ മുതിർന്ന കളിക്കാരി വീനസ് വില്യംസിനെ 7-6, 6-3ന് കീഴടക്കി. കോക്കോയെക്കാൾ 24 വയസിന് മൂത്തതാണ് മുൻ ചാമ്പ്യൻ കൂടിയായ വീനസ്.
മഴ വില്ലൻ
കാട്ടുതീയുടെ ബാക്കിപത്രമായ പുക കലർന്ന ആകാശമായിരുന്നു ആസ്ട്രേലിയൻ ഓപ്പൺ തുടങ്ങും മുമ്പുള്ള ഭീഷണിയെങ്കിൽ ആദ്യദിനം വില്ലനായി മഴയുമെത്തി.
രണ്ടാം ദിനമായ ഇന്ന് മരിയ ഷറപ്പോവ, റാഫേൽ നദാൽ, കരോളിന പ്ളിസ്കോവ തുടങ്ങിയ വമ്പൻ താരങ്ങൾ കളത്തിലിറങ്ങും.