തിരുവനന്തപുരം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്കുചെയ്യുന്നവരെ പിടികൂടാൻ നഗരസഭാ അധികൃതർ രംഗത്തിറങ്ങി.
ഗതാഗതത്തിന് തടസമായി വാഹനം പാർക്ക് ചെയ്‌തവർക്ക് മുന്നറിയിപ്പ് നൽകി. വ്യാപാരസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഏരിയകളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും പാർക്കിംഗ് സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും കർശന നിർദ്ദേശം നൽകി. പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ കെ. ശ്രീകുമാർ പറഞ്ഞു. അനധികൃത പാർക്കിംഗ് കാരണം ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി നിരവധി യാത്രക്കാർ പരാതി നൽകിയിരുന്നു. ഇത് പരിശോധിച്ച ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥരായ എക്‌സിക്യൂട്ടീവ് എൻജിനിയർ രാജേഷ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഗിരീഷ്, ഹെൽത്ത് സൂപ്രണ്ട് പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർ മീനു എസ്.എസ്. പി.ഡബ്ല്യു.ഒ ശ്രീലത, ജയകുമാർ എന്നിവരടങ്ങിയ സ്‌ക്വാഡ് കവടിയാർ മുതൽ മുട്ടട, കുറവൻകോണം വരെയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തി.
ഫോട്ടോ: അനധികൃത പാർക്കിംഗ് കണ്ടെത്തുന്നതിന് ടൗൺ പ്ലാനിംഗ് കമ്മിറ്റി
ചെയർമാൻ പാളയം രാജന്റെ നേതൃത്വത്തിൽ നടന്ന പരിശോധന