ഇംഗ്ളണ്ടിന് ഇന്നിംഗ്സ്
വിജയം, പരമ്പര ലീഡ്
പോർട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 53 റൺസിനും വിജയിച്ച ഇംഗ്ളണ്ട് നാല് മത്സര പരമ്പരയിൽ 2-1ന് മുന്നിലെത്തി.
പോർട്ട് എലിസബത്തിൽ ഫോളോ ഓണിനിറങ്ങിയ ആതിഥേയരെ 237 റൺസിന് ആൾ ഔട്ടാക്കിയാണ് ഇംഗ്ളണ്ട് പരമ്പരയിലെ രണ്ടാം വിജയം ആഘോഷിച്ചത്. രണ്ടാം ടെസ്റ്റിലും ഇംഗ്ളണ്ടിനായിരുന്നു വിജയം.
പോർട്ട് എലിസബത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 499/9 എന്ന സ്കോറിന് ഡിക്ളയർ ചെയ്യുകയായിരുന്നു. ഒലീ പോപ്പ് (135), ബെൻസ്റ്റോക്സ് (120) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ളീഷ് ഇന്നിംഗ്സിന് കരുത്തേകിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 209ന് ആൾ ഔട്ടായതോടെയാണ് ഫോളോ ഓൺ വേണ്ടിവന്നത്. ഒന്നാം ഇന്നിംഗ്സിൽ ഡികോക്ക് 63 റൺസുമായി ടോപ് സ്കോററായപ്പോൾ ഡോം ബെസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 71 റൺസെടുത്ത വാലറ്റക്കാരൻ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ തോൽവി അല്പെമങ്കിലും വൈകിപ്പിച്ചത്. ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ട് നാല് വിക്കറ്റും മാർക്ക് വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി. ഒലീ പോപ്പാണ് മാൻ ഒഫ് ദ മാച്ച്.
തോൽവിയെത്തുടർന്ന് താൻ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതായ വാർത്തകൾ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ളെസി നിഷേധിച്ചു. വെള്ളിയാഴ്ച ജോഹന്നാസ് ബർഗിൽ നാലാം ടെസ്റ്റിന് തുടക്കമാകും.
അണ്ടർ 19 ലോകകപ്പ് :
ഇന്ത്യ ഇന്ന് ജപ്പാനോട്
ബ്ളും ഫൊണ്ടെയ്ൻ : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഇന്ന് ദുർബലരായ ജപ്പാനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 90 റൺസിന് തോൽപ്പിച്ചിരുന്നു.
ലക്ഷ്മണിനെയും ദ്രാവിഡിനെയും
മാതൃകയാക്കണമെന്ന് മോദി
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, അനിൽ കുംബ്ളെ എന്നിവരുടെ കളിക്കളത്തിലെ മികച്ച പ്രകടനങ്ങൾ എടുത്തുപറഞ്ഞ് 'പരീക്ഷാ പേ ചർച്ച"യിൽ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
2001ൽ ആസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിൽ രാഹുലും ലക്ഷ്മ്മണും നടത്തിയ പ്രകടനവും അനിൽ കുംബ്ളെ 2002ൽ വെസ്റ്റ് ഇൻഡീസിനെതിരെ പൊട്ടലേറ്റ താടിയെല്ല് കെട്ടിവച്ച് പന്തെറിഞ്ഞതുമാണ് പ്രധാനമന്ത്രി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചത്.
തിവാരിക്ക് ട്രിപ്പിൾ സെഞ്ച്വറി
കൊൽക്കത്ത : ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാൾ താരം മനോജ് തിവാരി ട്രിപ്പിൾ സെഞ്ച്വറി നേടി. 414 പന്തുകളിൽ പുറത്താകാതെ 303 റൺസാണ് തിവാരി നേടിയത്. 30 ബൗണ്ടറികളും അഞ്ച് സിക്സുകളും തിവാരി പറത്തി.
കേരള പ്രിമിയർ ലീഗ്
ബ്ളാസ്റ്റേഴ്സിനെ വീഴ്ത്തി
കോവളം എഫ്.സി
എറണാകുളം : കേരള പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കോവളം എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ളാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെ കീഴടക്കി. 64-ാം മിനിട്ടിൽ പത്താം നമ്പർ താരം നഹാസ് എ.കെ.യാണ് കോവളത്തിന്റെ വിജയഗോൾ നേടിയത്. ഈ സീസണിൽ കോവളത്തിന്റെ ആദ്യ വിജയമാണിത്.