kerala-governor-

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസുകാരനാണെന്നും സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാമെന്ന് വിചാരിക്കേണ്ടെന്നും ആ കളി ഇവിടെ ചെലവാകില്ലെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ തുറന്നടിച്ചു. ആർ.എസ്.എസുകാരായ ഗവർണ‌ർമാരെ നിയമിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സ്വയം ആധികാരമുള്ള ഒരു സർക്കാരല്ല കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. അതിന്റെ പൂർണ നിയന്ത്രണം ആർ.എസ്.എസിന്റെ കൈയിലാണ്. ആർ.എസ്.എസ് നിർദ്ദേശിക്കുന്നവരെയാണ് ഗവർണർമാരായി ഓരോ സംസ്ഥാനങ്ങളിലും കേന്ദ്രം നിയമിക്കുന്നത്. ഭരണഘടനാതീത ശക്തിയായി കേന്ദ്രസർക്കാരിൽ ആർ.എസ്.എസ് പിടിമുറുക്കിയിരിക്കുകയാണ്. ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ആർ.എസ്.എസുകാരായ ഗവർണർമാരുടെ ചുമതലയാണ്. അതാണ് ആരിഫ് മുഹമ്മദ് ഖാനും ചെയ്യുന്നത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോൺഗ്രസിന്റെ കാലത്തും ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നു. എന്നാൽ, അതിനെക്കാളൊക്കെ പതിന്മടങ്ങാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത കാലത്ത് ബി.ജെ.പിയിലെത്തിയ ആളാണ്. ആ ഉത്സാഹവും ആവേശവുമാണ് ഈ കാണിക്കുന്നതെല്ലാം. പുത്തനച്ചി പുരപുറം തൂക്കുമെന്ന് കേട്ടിട്ടില്ലേ എന്നും വിജയരാഘവൻ പരിഹസിച്ചു. വിജയരാഘവൻ 'ഫ്ളാഷി'നോട്..

ഗവർണർ കേന്ദ്ര ഏജന്റല്ല

ഗവർണർ പദവി ഒരു ഭരണഘടനാ പദവിയാണ്. പക്ഷേ, സംസ്ഥാന നിയമസഭയ്ക്ക് മുകളിൽ ഒരു ഗവർണർക്കും അധികാരമില്ല. ഗവർണർ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലെ ഒരു ഫെസിലിറ്റേറ്റർ മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ ഏജന്റല്ല ഗവർണർ എന്ന് ആരിഫ് മുഹമ്മദ് ഖാന് ഓർമ്മ വേണം. പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണർ ജനറലും റസിഡന്റുമൊക്കെയുണ്ടായിരുന്നു. ആ കാലമൊക്കെ പോയി. ഇത് ജനാധിപത്യമാണ്. ജനാധിപത്യത്തിൽ ഫെഡറലിസമാണ്. രാഷ്ട്രീയ ചുമതലകളൊന്നും ഗവർണർക്കില്ല. കേരള ഗവർണർ വ്യക്തിപരമായി രാഷ്ട്രീയം പറയാൻ തുടങ്ങിയാൽ അത് സ്വാഭാവികമായും സംവാദത്തിലേക്ക് കടക്കും. ഭരണഘടനപരമായ കാര്യങ്ങളിൽ ഗവർണറുമായി സഹകരിച്ചാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ നീങ്ങുന്നത്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയാഭിപ്രായത്തിനനുസരിച്ച് നീങ്ങാൻ ഞങ്ങൾക്കാകില്ല. പദവിയുടെ ബഹുമാനം ഗവർണർ കാത്ത് സൂക്ഷിക്കണം. ഗവർണ‌ർ രാഷ്ട്രീയാഭിപ്രായം പറയുന്നത് കൊണ്ടാണ് അദ്ദേഹത്തിന് പേരെടുത്ത് യെച്ചൂരിയെ വിമർശിക്കേണ്ടി വരുന്നത്.

ഗവർണർ പദവി വേണ്ടേവേണ്ട

സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി വേണ്ട എന്നത് സി.പി.എമ്മിന്റെ കോൺക്രീറ്റായ അഭിപ്രായമാണ്. ഗവർണർ പദവി ഇല്ലാതായാൽ ഫെഡറലിസത്തിന്റെ കരുത്ത് വർദ്ധിക്കും. കേന്ദ്ര ഏജന്റായുള്ള ഗവ‌‌ർണർമാരുടെ നിലപാടുകൾ സംസ്ഥാന ഭരണങ്ങളെ ദുർബലപ്പെടുത്തും. ഇന്ത്യയിൽ ഒരു പാർട്ടിക്ക് മാത്രമായി കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഭരിക്കാനാകില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരിക്കാനാകില്ല. അതെല്ലാം ഗവർണർമാരെ ഉപയോഗിച്ച് നിയന്ത്രിക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻമാർ പറയുന്ന പോലെ ഭരണഘടന അവകാശങ്ങളൊന്നും ഗവർണർമാർക്കില്ല.സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ രാജ്ഭവനല്ല നടത്തുന്നത്. സംസ്ഥാന സർക്കാരിനാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ഉത്തരവാദിത്വം. അതിനെ ഇടങ്കോലിടുന്ന സമീപനമാണ് ഗവ‌ർണറുടേത്.

കളിയൊന്നും ഇവിടെ വേണ്ട

ഭരണഘടനയനുസരിച്ച് മാത്രമാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഈ സർക്കാരിനെ പിരിച്ച് വിടാമെന്നൊന്നും വിചാരിക്കേണ്ട. മുമ്പ് അങ്ങനെ ചെയ്‌തവർക്കൊക്കെ പിൽക്കാല രാഷ്ട്രീയം തിരിച്ചടികളാണ് നൽകിയത്. ഗവർണർ സർക്കാരിനെതിരെ യുദ്ധം നടത്തി ആരെയാണോ സഹായിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും അവർക്ക് ഈ പ്രവൃത്തികളൊന്നും യാതൊരു ഗുണവുമുണ്ടാക്കില്ല. കേരളം ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ച് വിശ്വസിക്കുന്ന സംസ്ഥാനമാണ്. ജനങ്ങൾ ഈ സർക്കാരിനൊപ്പം നിൽക്കും. ആരിഫ് മുഹമ്മദ് ഖാനെന്ന ഉത്തർപ്രദേശുകാരന്റെ കളിയൊന്നും കേരളത്തിൽ ചെലവാകില്ല.

സമയത്ത് തന്നെ നടത്തും

സംസ്ഥാനത്ത് യഥാസമയത്ത് തന്നെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. അത് സർക്കാരിന്റെ ചുമതലയാണ്. അതാത് കാലത്തെ രാഷ്ട്രീയാവസ്ഥയുടെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പുകൾ. അല്ലാതെ വാർഡ് വിഭജനം നടത്തിയത് കൊണ്ടോ പഞ്ചായത്ത് മുൻസിപ്പാലിറ്റി ആയത് കൊണ്ടോ ജനങ്ങളുടെ അഭിപ്രായം മാറില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സി.പി.എമ്മിനോ ഇഠതുമുന്നണിക്കോ ആശയക്കുഴപ്പങ്ങളില്ല. എന്നും തദ്ദേശ ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികളെ ഇടതുമുന്നണണി സ്വീകരിച്ചിട്ടുള്ളൂ.