census

തിരുവനന്തപുരം: സെൻസസ് എടുക്കാൻ ഉദ്യോഗസ്ഥർ വീടുകളിൽ വരുമ്പോൾ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട എന്ന മന്ത്രിസഭാ തീരുമാനം ജനങ്ങളിലും ഉദ്യോഗസ്ഥരിലും ഒരുപോലെ ആശങ്കപരത്തുകയാണ്. ജനനതീയതിയും മാതാപിതാക്കളുടെ ജനനസ്ഥലവും ചോദിച്ചാലും പറയരുതെന്നാണ് മന്ത്രിസഭാ യോഗം കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം. ഇത് രണ്ടും ചോദിക്കുന്നത് എൻ.പി.ആറിൽ ഉൾപ്പെടുത്താനാണെന്നും അതുകൊണ്ട് ആ വിവരം നൽകരുതെന്നും പറയുമ്പോൾ അത് ഏത് രീതിയിലായിരിക്കും ബാധിക്കുക എന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.

ജനന തീയതിയും മാതാപിതാക്കളുടെ പേരും പറയുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അത് പറയാതിരുന്നാൽ സെൻസസ് പൂർണമാകുമോ എന്ന ചിന്ത ജനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥർക്കുമുണ്ട്. എൻ.പി.ആർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ട് നിൽക്കുമ്പോൾ അതിലെ നിർണായക വിവരങ്ങളാകുന്ന ഈ രണ്ട് കാര്യങ്ങളും നൽകാതിരുന്നാൽ അത് തങ്ങളുടെ ഭാവിയെ ബാധിക്കുമോ എന്ന ആശങ്കയാണ് ജനങ്ങൾക്ക്. അച്ഛന്റെയും മുത്തച്ഛന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും പേര് വരെ അറിഞ്ഞിരിക്കണമെന്ന ചിന്താഗതിയുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ ഇത് രണ്ടും വെളിപ്പെടുത്താതിരുന്നാൽ ഭാവിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ആനുകൂല്യങ്ങളടക്കം കിട്ടാതാകുമാേ എന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.

സെൻസസിന്റെ പൂർണ അധികാരം കേന്ദ്ര സർക്കാരിനാണ്. സെൻസസ് വീഴ്ചകളില്ലാതെ നടത്തുകയാണ് സംസ്ഥാനങ്ങളുടെ ചുമതല. രാജ്യത്ത് എത്ര ജനസംഖ്യയുണ്ടെന്നും അവരുടെ സാമ്പത്തിക നിലവാരവും വിദ്യാഭ്യാസവും തൊഴിൽ രഹിതരെയുമെല്ലാം കണ്ടെത്തുന്നത് സെൻസസിലൂടെയാണ്. ആ നിലയിലുള്ള ചോദ്യങ്ങളാണ് സെൻസസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ട്. ഉത്തരം നൽകിയില്ലെങ്കിൽ ആ കോളം ഒഴിച്ചിടും. ഇത് ബാധിക്കുന്നത് അതാത് ജനങ്ങളെയായിരിക്കും. എല്ലാ വിവരവും നൽകണമെന്നാണ് സെൻസസ് നിബന്ധന. നൽകിയില്ലെങ്കിൽ എന്താവും നടപടി എന്നതിനെപ്പറ്റി മുമ്പെങ്ങും വിവാദം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് പുതിയൊരു നടപടിക്രമമായി മാറും. ഉത്തരം നൽകാത്തതുകൊണ്ട് ഭാവിയിൽ ഏതെങ്കിലും ആനുകൂല്യങ്ങൾ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന് തടസമുണ്ടായാൽ സംരക്ഷിക്കുമെന്നാണ് സർക്കാർ പറയുന്നത്.

സെൻസസ് ഉദ്യോഗസ്ഥർക്ക് ഒന്നും പറയാനാവാത്ത അവസ്ഥയാണ്. ഉത്തരം നൽകിയില്ലെങ്കിൽ എന്താണ് നടപടിയെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പാണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവാദപ്പെട്ടവർ പറയുന്നത്. സെൻസസിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിലായതിനാൽ അപൂർണ വിവരങ്ങളടങ്ങിയ സെൻസസ് വരാനിരിക്കുന്ന ഭവിഷ്യത്തായി മാറുമോ എന്ന ആശങ്കയാണ് പൊതുവേ നിലനിൽക്കുന്നത്.