kaliyikkavila-murder-case

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസൺ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഷമീം, തൌഫീഖ് എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ കോടതി വിധി പറയും. പ്രതികളെ 28 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഈ ആവശ്യം കോടതിയെ അറിയിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ കൊല്ലപ്പെട്ടേക്കുമെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതോടെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റി. മകനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി തൗഫീഖിന്റെ അമ്മയും കോടതിയിൽ ബോധിപ്പിച്ചു. പ്രതികൾക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചിരിക്കുകയാണ്. അതീവ സുരക്ഷയോടെയാണ് പ്രതികളെ ഇന്നലെ ജില്ലാ കോടതിയിൽ കൊണ്ടുവന്നത്. പിന്നീട് ഇവരെ തിരുനെൽവേലി ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

വെരാവൽ എക്സ് പ്രസ് ട്രെയിനിലെ യാത്രക്കിടെ കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നാണ് തൗഫീഖ്, അബ്ദുൾ ഷമീം എന്നിവർ അറസ്റ്റിലായത്. സംഭവവുമായി ബന്ധമുള്ള 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ അഞ്ച് പേർ മലയാളികളാണെന്നാണ് സൂചന.

ഉറുമ്പിനെ പോലും വേദനിപ്പിക്കാത്തവനാണ് മകൻ : തൗഫീഖിന്റെ മാതാവ്

കുഴിത്തുറ : ഉറുമ്പിനെ പോലും വേദനിപ്പിക്കാത്തവനാണ് മകനെന്ന് എ.എസ്.ഐ കൊലപാതക കേസിലെ പ്രതികളിലൊരാളായ തൗഫീഖിന്റെ മാതാവ് ജനത്ത് പറഞ്ഞു.മകനെ ഇന്നലെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് കാണാനെത്തിയതായിരുന്നു അവർ. മകനെ പൊലീസ് വെടിവച്ച് കൊല്ലുമോയെന്ന് ഭയമുണ്ട്. തങ്ങൾ സുരക്ഷിതരല്ലെന്നും പൊലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും മകനു വേണ്ടി വദിക്കാൻ കുഴിത്തുറ കോടതിയിലെത്തിയ തിരനേൽവേലിയിലുള്ള അഭിഭാഷകരെ ആളുകൾ തല്ലിയോടിച്ചെന്നും ഇപ്പോൾ ഹാജരായ അഭിഭാഷകന്റെ ജീവന് സുരക്ഷയില്ലെന്നും ജന്നത്ത് പറഞ്ഞു.