night-

കോട്ടയം: ബൈക്ക് നന്നാക്കാൻ പാതിരാത്രിയിൽ സഹായം ചോദിച്ചെത്തിയ രണ്ടംഗ സംഘം വൃദ്ധദമ്പതികളുടെ കഴുത്തിൽ കത്തിവച്ച് രണ്ടര പവൻ കവർന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കല്ലറ പെരുംതുരുത്ത് നിഷാസദനത്തിൽ രാംദാസ് (80), ഭാര്യ ഭവാനി (73) എന്നിവരുടെ വീട്ടിലാണ് അതിക്രമിച്ച് കയറി മാല പൊട്ടിച്ചെടുത്തത്. കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കല്ലറ-വെച്ചൂർ റോഡരികിൽ സ്ഥിതിചെയ്യുന്ന വീടിന്റെ കതകിൽ മുട്ടിവിളിച്ച സംഘം തങ്ങളുടെ ബൈക്ക് കേടായെന്നും ഒരു ടോർച്ച് തരാമോയെന്നും ചോദിച്ചു. തുടർന്ന് ജനലിലൂടെ ടോർച്ച് കൊടുത്തു. ഇതോടെ ഇവർ പോയി.

അല്പംകഴിഞ്ഞ് വീണ്ടും എത്തി ഒരു കയറും പിച്ചാത്തിയും ആവശ്യപ്പെട്ടു. അതും ജനലിലൂടെതന്നെ കൊടുത്തു. ബൈക്ക് നന്നാക്കിയെന്നും വളരെ ഉപകാരമെന്നും പറഞ്ഞ് കത്തിയും കയറും ടോർച്ചും തിരികെ നല്കി. ഇവയെല്ലാം ഒന്നിച്ച് ഒരു കൈയിൽ പിടിച്ചിരുന്നതിനാൽ ജനലിൽകൂടി വാങ്ങാൻ സാധിച്ചില്ല. രാംദാസ് വാതിൽ തുറന്നു. ഇതോടെ രാംദാസിനെ തള്ളിയിട്ടശേഷം അകത്തുകയറിയ ഒരാൾ കഴുത്തിൽ കത്തിവച്ചു. ഒരക്ഷരം മിണ്ടരുത്, കൊന്നുകളയും എന്നു പറയുന്നതു കേട്ടാണ് ഭവാനി എഴുന്നേറ്റു വന്നത്. ഇതോടെ മറ്റൊരാൾ ഭവാനിയുടെ കഴുത്തിലും കത്തിവച്ച് രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

ബഹളം വയ്ക്കാൻ തുടങ്ങിയതോടെ സംഘം മാലയുമായി കടന്നുകളഞ്ഞു. പൊട്ടിച്ചെടുക്കുന്നതിനിടയിൽ രണ്ട് തുണ്ടായ മാലയുടെ ഒരു ഭാഗം മുറിയ്ക്കുള്ളിൽ നിന്ന് പിന്നീട് കണ്ടെടുത്തു.

35 വയസ് തോന്നിക്കുന്ന രണ്ടു പേരാണ് എത്തിയതെന്നും ഒരാൾ ഷർട്ടും പാന്റ്സും, മറ്റൊരാൾ കൈലിമുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും രാംദാസ് പൊലീസിൽ മൊഴിനൽകി.