കല്ലമ്പലം: ഒന്നരമാസം മുൻപ് നാവായിക്കുളം തട്ടുപാലത്ത് പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്നു വിലപിടിപ്പുള്ള മ്യൂസിക്ക് സിസ്റ്റം മോഷണം പോയ സംഭവത്തിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. സംഭവ ദിവസം സംശയകരമായി കണ്ടെത്തിയ ലോറി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ റജിസ്റ്റർ നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായി. എന്നാൽ പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചതിനെ തുടർന്നാണ്‌ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. കൈപ്പള്ളി, ബ്ലസി എന്നീ ബസുകളിലാണ് മോഷണം നടന്നത്. സ്ഥലത്തെ സി.സി ടിവി കാമറകൾ പരിശോധിച്ചതിൽ നിന്നു മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഒരു ലോറി സംശയകരമായ രീതിയിൽ ബസിനടുത്ത് പാർക്കുചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. രാത്രി ഒന്നരയോടെ ബസുകൾ പാർക്കു ചെയ്തിരുന്ന സ്ഥലത്ത് ബസുകളെ മറയ്ക്കും വിധത്തിൽ ലോറി നിറുത്തിയിടുകയും രണ്ടു പേർ അതിൽ നിന്നിറങ്ങുയും ചെയ്യുന്ന രംഗങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന്‍ രണ്ടരയ്ക്കുശേഷം അവർ തിരിച്ച് ലോറിയിൽ മടങ്ങുകയും ചെയ്തു. അതേ ലോറി സംഭവ ദിവസം കല്ലമ്പലത്തിനു സമീപത്ത് മറ്റൊരു ബസിനരികിൽ പാർക്കു ചെയ്തെങ്കിലും ഉടൻ തന്നെ പോകുന്ന ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 12.15 നായിരുന്നു അത്. എന്നാൽ ലോറിയുടെ നമ്പർ വ്യക്തമായി കാമറയിൽ തെളിയാത്തത് അന്വേഷണത്തിന് തടസമായി. അന്വേഷണം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിച്ചെങ്കിലും ലോറിക്കാർ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. ബ്ലസി ബസിൽ നിന്നു ഏകദേശം ഒരു ലക്ഷം വിലവരുന്ന സിസ്റ്റവും കൈപ്പള്ളിയിൽ നിന്ന് 50,000 രൂപ വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റവുമാണ് മോഷണം പോയത്.