തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുൻകൂട്ടി അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിൽ അപാകതയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഗവർണർക്ക് വിശദ റിപ്പോർട്ട് നൽകും.
ഗവർണറെ മനഃപൂർവ്വം അവഗണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ,ഭരണഘടനയ്ക്ക് മുകളിലല്ല കാര്യനിർവഹണ ചട്ടമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കും. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നിയമപരമായ കാര്യങ്ങളിൽ കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അനുച്ഛേദം 166ലെ മൂന്നാം ഉപവകുപ്പനുസരിച്ച് തന്നെ അറിയിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. എന്നാൽ, ഇത് അനിവാര്യമായ കാര്യമല്ലെന്നാണ് സുപ്രീംകോടതിയുടെ വിവിധ വിധികൾ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരുമായുണ്ടായ തർക്കവിഷയങ്ങളിൽ മുമ്പും കോടതിയെ സമീപിച്ച കാര്യവും സർക്കാർ ചൂണ്ടിക്കാട്ടും. കഴിഞ്ഞദിവസം ഗവർണറെ രാജ്ഭവനിൽ സന്ദർശിച്ച ചീഫ്സെക്രട്ടറി ടോം ജോസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ചീഫ്സെക്രട്ടറിയെ പരസ്യമായി തള്ളി ഗവർണർ രംഗത്തെത്തി. യു.പിയിലേക്ക് പോയ ഗവർണർ നാളെ മടങ്ങിയെത്തും.
അതിനിടെ, കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ സർക്കാർ ഗവർണറുടെ അനുമതി വാങ്ങണമെന്ന് നിർബന്ധമില്ലെന്ന മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവത്തിന്റെ പ്രതികരണം സംസ്ഥാന സർക്കാരിന് ആശ്വാസമായിട്ടുണ്ട്.