jeeva

വെമ്പായം: പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനും വിഷമുക്തമായ പച്ചക്കറി സ്വന്തം കൃഷിയിടത്തിൽ ഉല്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കാനുള്ള ലക്ഷ്യത്തോടെ കൃഷിവകുപ്പ് ആവിഷ്കരിച്ച 'ജീവനി' പദ്ധതിക്ക് മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വൈ.വി. ശോഭ കുമാർ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാതയ്ക്ക് തൈകൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രേംകുമാർ, മാണിക്കൽ കൃഷി ഓഫീസർ പമീല വിമൽരാജ്‌ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സഹകരണ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, കൃഷിപാഠശാലകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, അംഗൻവാടികൾ, വിവിധ ആരാധാനാലയങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമികളിലും വിഷമയമല്ലാത്ത കൃഷി പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണത്തിലൂടെയാണെന്നും അതിനായി "ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം" പദ്ധതിയിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാപേരും പങ്കാളികളാകണമെന്നും അതിലൂടെ വിഷമുക്ത പച്ചക്കറി ഉല്പാദിപ്പിക്കണമെന്നും കൃഷി ഓഫീസർ പമീല വിമൽരാജ് പറഞ്ഞു.