ഇരുപതാണ്ടു മുമ്പ് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവും മയക്കുമരുന്നും സിനിമകളിൽ മാത്രം കണ്ടുപരിചയമുള്ള വസ്തുക്കളായിരുന്നു. നമ്മുടെ സമൂഹത്തിനും കുട്ടികളുടെ വഴികളെക്കുറിച്ച് ഇത്രമേൽ ആധിയില്ലായിരുന്നു. ഇരുപതു വർഷത്തിനിപ്പുറം കേരളത്തിലെ സ്കൂൾ കുട്ടികളുടെ വിരലിടുക്കുകളിലും കൈത്തണ്ടകളിലും ലഹരി 'ഇറുകി"ച്ചേർന്നു കഴിഞ്ഞു. ഗ്രാമ നഗര ഭേദമെന്യേ ചെറുസംഘങ്ങളായി തിരിഞ്ഞ് ലഹരി വലയങ്ങളിൽ പാതിമയങ്ങിയ മിഴിയും മനസുമായി നമ്മുടെ കുട്ടികൾ കേരളത്തിന്റെ ഭാവിക്ക് മേൽ ഇരുൾ നിറയ്ക്കുന്നു.
അടുത്തിടെ നാഷണൽ കമ്മിഷൻ ഒഫ് ചൈൽഡ് റൈറ്റ്സ് പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ 73.9 ശതമാനം വിദ്യാർത്ഥികൾ പുകയില ആസ്വദിച്ചവരാണ്. മദ്യത്തിലുള്ള ഇവരുടെ പ്രിയം 60.5 ശതമാനമാണ്. കേരളത്തിലെ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നടത്തിയ സർവേയിലാണ് മേൽപ്പറഞ്ഞ ഭീതിജനകമായ വിവരങ്ങൾ കണ്ടെത്തിയത്. മുമ്പ് ലഹരി ഉപയോഗിക്കുന്ന ബാലകൗമാര പ്രായക്കാരുടെ ശരാശരി വയസ് 21 ആയിരുന്നു. ഇപ്പോളത് 14 ആയി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിലെ എല്ലാ ആഘോഷങ്ങളിലും ഗാർഹിക ചടങ്ങുകളിലും മദ്യം അനിവാര്യതയായി മാറി. ഗാർഹിക സദസുകളിലെ മദ്യ ഉപഭോഗം വർദ്ധിച്ചതോടെ കുട്ടികൾക്ക് മദ്യവും ലഹരിയും ഉപയോഗിക്കാൻ അവസരം തുറന്നുകിട്ടി. മുതിർന്നവർ വഴി തന്നെയാണ് മദ്യവും പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും ഘട്ടംഘട്ടമായി കുട്ടികളിലെത്തുന്നത്.
അറിവിൻ മുറികളിലെ ലഹരി
വിദ്യാർത്ഥികളിൽ ലഹരിയുടെ അമിത ഉപഭോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാലയങ്ങളുടെ നിശ്ചിതപരിധിയിൽ ലഹരി ഉത്പന്നങ്ങളുടെ വില്പന നിരോധനം കർശനമായി ഏർപ്പെടുത്തിയത് 2010ഓടെയാണ്. പാൻമസാല പോലുള്ള ലഹരിസാധനങ്ങൾ സ്കൂളുകൾക്ക് ചുറ്റും നിഷ്പ്രയാസം ലഭിക്കാനിടയായതാണ് ലഹരി ഉപഭോഗം വർദ്ധിക്കാനിടയാക്കിയത്.
2000ന്റെ ആദ്യ പതിറ്റാണ്ടിൽ പാൻ ഉത്പന്നങ്ങളാണ് വിദ്യാർത്ഥികളെ ആകർഷിച്ചതെങ്കിൽ 2010 മുതൽ കഞ്ചാവുൾപ്പടെ മാരകമായ ലഹരികളിലേക്കും മാറിയെന്നതാണ് അപകടകരമായ വസ്തുത. നിലവിൽ സംസ്ഥാനത്തെ പല സ്കൂളുകളെയും ലക്ഷ്യമാക്കി വൻ മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നുണ്ട്. പരിശോധനകൾ കർക്കശമാക്കിയതോടെ കഞ്ചാവിന്റെ വിദേശവിപണി അടഞ്ഞതാണ് ഇവർ കൗമാരക്കാരെയും സ്കൂൾ കുട്ടികളെയും ലക്ഷ്യംവയ്ക്കാൻ കാരണം. മദ്യ- മയക്കുമരുന്ന് മിഠായി, ഗുളിക, ശീതളപാനീയം, ടാറ്റൂ, സ്റ്റാമ്പ്, സ്റ്റിക്കർ, മാർക്കർ രൂപങ്ങളിൽ എത്തുന്ന ലഹരിവസ്തുക്കൾ മറ്റുള്ളവരുടെ ശ്രദ്ധപതിയാത്തവിധം ലളിതമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നു. ആൺ - പെൺ ഭേദമില്ലാതെ കുട്ടികൾ ഈ വക ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.
ആകർഷണങ്ങൾ ഇങ്ങനെ
ലഹരിവസ്തുക്കൾ ലഭിക്കാനുള്ള സൗകര്യമാണ് കുട്ടികളെ വേഗത്തിൽ അടിമകളാക്കുന്നത്. ചിലർ ഹീറോ പരിവേഷം ലഭിക്കാനാണ് ലഹരിയിലേക്കുള്ള വഴി തേടുന്നത്. എന്നാൽ അടിമയാകുന്നതോടെ പലരും സ്വഭാവ വൈകല്യങ്ങളും അക്രമവാസനകളും ഉള്ളവരായി മാറുന്നു. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ പോലും കുട്ടികളുടെ ചിന്തയെയും തലച്ചോറിനെയും പരുവപ്പെടുത്തുന്ന തരത്തിൽ അതീവ ഗൗരവസ്വഭാവമുള്ള ലഹരി ഉത്പന്നങ്ങൾ സംസ്ഥാനത്ത് വ്യാപകമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ തോത് പതിന്മടങ്ങ് വർദ്ധിച്ചതും കേസുകളിൽ പെടുന്നതിൽ ഏറെയും 18നും 25നും ഇടയിലുള്ളവരാണെന്നതും ഈ വസ്തുത ശരിവയ്ക്കുന്നു. ലഹരി ഉപയോഗിക്കുന്ന ഇവർ മയക്കുമരുന്ന് വില്പനയുടെ ഇടനിലക്കാരും വാഹകരുമായി മാറുന്നു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
നിയന്ത്രിച്ചില്ലെങ്കിൽ
വൻ ആപത്ത്
കുട്ടികളുടെ വഴിയെറ്റിയ സഞ്ചാരവും കൂട്ടുകെട്ടും ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം നിയന്ത്രിക്കേണ്ടതും നേർവഴി ശീലിപ്പിക്കേണ്ടതും ആദ്യ വിദ്യാലയമായ വീട്ടിൽനിന്നു തന്നെയാണ്. കുട്ടികളിലെ ലഹരി ഉപഭോഗം രക്ഷിതാക്കൾ തിരിച്ചറിയുകയും തടയുകയും ചെയ്തില്ലെങ്കിൽ വിപത്തുകൾ വിരുന്നുകാരാകും. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബുകളും സ്കൂൾ ജാഗ്രതാ സമിതികളും രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം എത്രത്തോളം ഫലവത്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടനിലക്കാർ വഴിയാണ് സ്കൂൾ വിദ്യാർത്ഥികളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നത്. എന്നാൽ ഇവർക്ക് വിദ്യാർത്ഥികൾക്കിടയിലും ഇടനിലക്കാരുണ്ടെന്നതാണ് മറ്റൊരു ക്രൂരയാഥാർത്ഥ്യം. ഇവരാണ് സഹപാഠികളായ കുട്ടികളെ ആകർഷിക്കുന്നതും വലവീശി പിടിക്കുന്നതും. പുറത്തെ ഇടനിലക്കാർ വിദ്യാർത്ഥികൾ വഴി തന്നെ സഹപാഠികൾക്ക് ലഹരിപദാർത്ഥങ്ങൾ കൈമാറുന്നു.
ഉയരട്ടെ പ്രതിരോധം
നിയന്ത്രണങ്ങളും ശിക്ഷയും കൊണ്ട് ശീലങ്ങളെ പാടേ മാറ്റാനാവില്ല. ലഹരിയോടുള്ള അഭിനിവേശം കുറയ്ക്കാൻ ബോധവത്കരണത്തിലൂടെ മാത്രമേ സാധിക്കൂ. ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കുക, ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, സ്കൂൾ ഹോസ്റ്റൽ പരിസരങ്ങളിൽ ലഹരി വില്പന പരിശോധിക്കാൻ സ്ഥിരം സംവിധാനമുണ്ടാക്കുക, ലഹരി വിൽപ്പനക്കാർക്ക് കടുത്ത ശിക്ഷ നൽകുക തുടങ്ങിയ മാർഗങ്ങൾ കർശനമായി നടപ്പാക്കിയാൽ മാത്രമേ വരുംതലമുറയെ ലഹരിയിൽനിന്ന് രക്ഷിക്കാനാവൂ.
സംഘടിക്കാം
കുട്ടികൾക്കുവേണ്ടി
പൊതുവിദ്യാലയങ്ങളെ ലഹരിവിരുദ്ധ കാമ്പസുകളാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എക്സൈസ്, പൊലീസ്, ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. സംഘടിത പ്രവർത്തനം കൊണ്ടേ പരിപൂർണമായും വിജയമാക്കാനാകൂ. അദ്ധ്യാപകർ, അനദ്ധ്യാപകർ, മാതാപിതാക്കൾ എന്നിവർക്കും ഇതിൽ വലിയ പങ്കുണ്ട്. സ്കൂളുകളിൽ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ചേർത്ത് ജനകീയ പ്രതിരോധ കമ്മിറ്റി ഉണ്ടാക്കണം. അടുത്ത അദ്ധ്യയനവർഷത്തോടെ എല്ലാ സ്കൂളുകളിലും ഇത്തരം കമ്മിറ്റികൾ രൂപീകരിക്കണം. മുതിർന്നവർ ലഹരി ഉപേക്ഷിച്ച് മാതൃകയായാലേ ലഹരിമുക്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാകൂ.
-പ്രൊഫ.സി.രവീന്ദ്രനാഥ്
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വഴി സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ലഹരി ഉപഭോഗം വൻതോതിൽ കൂടിയത് ശ്രദ്ധയിൽപ്പെട്ടതോടെ ഓരോ സ്കൂളിലും പ്രത്യേക സംഘത്തെ സ്ക്വാഡ് പ്രവർത്തനത്തിനായി നിയോഗിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇത് പ്രാവർത്തികമാക്കിയാൽ സ്കൂൾ പരിസരത്തെ കടകളിൽ നിരന്തര പരിശോധന, സ്കൂളുകളിലേക്ക് ലഹരി വരുന്ന ചാനലുകളുടെ അടിവേര് അറുക്കൽ എന്നിവ ലക്ഷ്യമിടുന്നു. രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും ഇതിനു പൊലീസുമായി സഹകരിക്കണം.
സന്തോഷ് കുമാർ
എ.സി.പി, നർക്കോട്ടിക് വിംഗ്,
ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്
ലഹരിവിമുക്തി ചുമതലയുള്ള കൗൺസിലർമാർ സ്കൂളുകളിൽ നേരിട്ടെത്തി അദ്ധ്യാപകരുടെ സഹായത്തോടെ ലഹരി തളർത്തിയ വിദ്യാർത്ഥികളെ കണ്ടെത്തി കൗൺസിലിംഗ് നൽകും. കൗൺസിലിംഗും ആവശ്യമെങ്കിൽ ലഹരിവിമുക്തി കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സയും തുടർനിരീക്ഷണവും നൽകും. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊലീസും അംഗങ്ങളായ ലഹരിവിരുദ്ധ ക്ലബുകൾ എല്ലാ സ്കൂളുകളിലും സജീവമാക്കും.
-എസ്.അനന്തകൃഷ്ണൻ
എക്സൈസ് കമ്മിഷണർ