പി.എസ്.സി വഴിയുള്ള സർക്കാർ നിയമനങ്ങൾക്ക് അപേക്ഷിക്കുന്നവരിൽ നിന്നു അപേക്ഷാഫീസ് വാങ്ങുന്ന സമ്പ്രദായം നിറുത്തലാക്കിയത് വലിയ വിപ്ളവ നടപടിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദരിദ്ര കുടുംബങ്ങളിലെ യുവതീയുവാക്കൾക്ക് ആശ്വാസമാകട്ടെ എന്നു കരുതിയാവാം അന്നത്തെ സർക്കാർ ഈ തീരുമാനമെടുത്തത്. ഇന്നിപ്പോൾ പി.എസ്.സിയാണ് അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത്. ഓരോ മത്സര പരീക്ഷയ്ക്കും ലക്ഷക്കണക്കിനു പേരാണ് അപേക്ഷിക്കുന്നത്. അപേക്ഷകരെ മുഴുവൻ വിളിച്ചിരുത്തി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ട ഭാരിച്ച ചുമതല പി.എസ്.സിയുടേതാണ്. അപേക്ഷകരിൽ ഗണ്യമായൊരു വിഭാഗം പരീക്ഷയ്‌ക്ക് ഹാജരാകാറില്ല. ഇവരെക്കൂടി കണക്കാക്കിയാകും പരീക്ഷാസെന്ററുകൾ ഒരുക്കുന്നത്. കൂടുതൽ പേർ എഴുതാറുള്ള പരീക്ഷകളുടെ കാര്യത്തിൽ പി.എസ്.സി ശരിക്കും വലിയ വെല്ലുവിളി തന്നെയാണു നേരിടാറുള്ളത്. പരീക്ഷാസെന്ററുകൾ തയ്യാറാക്കാനും ചോദ്യക്കടലാസ് അച്ചടിക്കാനും ഇൻവിജിലേറ്റർമാരെ നിയോഗിക്കാനും മറ്റുമായി കോടികൾ ചെലവാകും.
അപേക്ഷകരിൽ വലിയൊരു ഭാഗം അവസാന സമയത്ത് പിന്മാറുന്നതോടെ പരീക്ഷാ ഒരുക്കങ്ങൾക്കായി ചെലവായ തുകയുടെ ഒരു ഭാഗം വൃഥാവിലാകുകയാണു പതിവ്. അപേക്ഷിക്കാൻ ഫീസൊന്നും നൽകേണ്ടാത്തതിനാൽ പതിനായിരക്കണക്കിനു പേർ പി.എസ്.സി വിജ്ഞാപനം കണ്ട് അപേക്ഷ നൽകുക പതിവാണ്. പരീക്ഷ എഴുതാൻ തയ്യാറാകാത്തവരുടെ സംഖ്യ അഭൂതപൂർവമായി വർദ്ധിക്കാൻ തുടങ്ങിയപ്പോൾ പി.എസ്.സി മറ്റൊരു തന്ത്രം ആവിഷ്കരിച്ചു. പരീക്ഷ എഴുതാൻ സന്നദ്ധമാണെന്ന ഒരു സമ്മതപത്രം നൽകുന്നവർക്കു മാത്രമേ ഹാൾടിക്കറ്റ് നൽകൂ എന്നതായിരുന്നു നിബന്ധന. ഇത്തരത്തിൽ സമ്മതപത്രം വാങ്ങിയ ശേഷവും പരീക്ഷയ്ക്കു ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഒട്ടും കുറവില്ലെന്നാണ് പി.എസ്.സി പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് പണ്ട് ചെയ്തിരുന്നതുപോലെ അപേക്ഷാഫീസ് ഏർപ്പെടുത്താൻ അനുമതി തേടി സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
രണ്ട് തിരഞ്ഞെടുപ്പുകളെ ആസന്ന ഭാവിയിൽ നേരിടേണ്ടതിനാൽ സർക്കാർ പി.എസ്.സിയുടെ അപേക്ഷ അനുവദിക്കുമോ എന്നു നിശ്ചയമില്ല. മിക്കവാറും തള്ളിക്കളയാൻ തന്നെയാണു സാദ്ധ്യത. പി.എസ്.സി അപേക്ഷ നൽകാൻ ഫീസ് നൽകേണ്ടിവരുന്ന സ്ഥിതി യുവജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നത് തീർച്ചയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും യുവജന സംഘടനകളുടെ എതിർപ്പു ഭയന്നാണ് സർക്കാർ അതിനു മുതിരാത്തത്. ആ നിലയ്ക്ക് ഉദ്യോഗത്തിന് അപേക്ഷിക്കാൻ ഫീസ് നൽകണമെന്ന പി.എസ്.സിയുടെ ആവശ്യത്തിന് രാഷ്ട്രീയ കാരണങ്ങളാൽ അംഗീകാരം ലഭിക്കണമെന്നില്ല.
പരിമിതമായ ഒഴിവുകളിലേക്കാണെങ്കിൽ പോലും പതിനായിരങ്ങൾ അപേക്ഷകരായുണ്ടാവും. കൂടുതൽ ഒഴിവുകളുള്ള തസ്തികകൾക്കാകട്ടെ ലക്ഷങ്ങളാണ് അപേക്ഷയുമായി എത്താറുള്ളത്. എൽ.ഡി.സി, വി.ഇ.ഒ, അദ്ധ്യാപകർ, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് ലക്ഷക്കണക്കിനുപേർ അപേക്ഷിക്കാറുണ്ട്. അത്യധികം ശ്രമകരമാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷാക്രമീകരണങ്ങൾ. അപേക്ഷകരിൽ നാലിലൊരു ഭാഗം വിട്ടുനിൽക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. ആറുലക്ഷം അപേക്ഷകരിൽ നാലിലൊരു ഭാഗം എത്തിയില്ലെങ്കിൽ അവർക്കുവേണ്ടി ഒരുക്കിയ ക്രമീകരണങ്ങൾ പാഴാകുന്നു എന്നാണർത്ഥം. ഈയിടെ നടന്ന വി.ഇ.ഒ പരീക്ഷയ്ക്കു മാത്രം പി.എസ്.സിക്ക് നാലുകോടിയിൽപ്പരം രൂപ നഷ്ടമുണ്ടായെന്നാണു കണക്ക്. പരീക്ഷ എഴുതും എന്നു കൺഫർമേഷൻ നൽകിയ ശേഷവും രണ്ടുലക്ഷത്തോളം പേർ അവസാന നിമിഷം കാലുമാറുകയായിരുന്നുവത്രെ. അപേക്ഷാഫീസ് ഈടാക്കിയിരുന്നുവെങ്കിൽ ഈ നഷ്ടം നികത്താൻ കഴിയുമായിരുന്നു എന്ന പി.എസ്.സി നിലപാടിൽ യുക്തിയും പ്രായോഗികതയുമുണ്ട്.
എല്ലാം സൗജന്യമാക്കുന്നതിലെ നിരർത്ഥകത തിരിച്ചറിയുകതന്നെ വേണം. ഉദ്യോഗത്തിന് അപേക്ഷിക്കുന്നവരിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കുന്നതിൽ അധാർമ്മികതയൊന്നുമില്ല. അപേക്ഷിക്കാൻ ഫീസ് വേണ്ടാത്തതുകൊണ്ടാണ് താത്‌പര്യമില്ലാത്തവർ പോലും തള്ളിക്കയറുന്നത്.
സമാന സ്വഭാവമുള്ള തസ്തികകൾക്ക് രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ഒറ്റ പരീക്ഷ നടത്തി പൊതുവായ റാങ്ക് പട്ടിക ഉണ്ടാക്കിയാൽ പി.എസ്.സിയുടെ പരീക്ഷാ ഭാരം കുറയ്ക്കാൻ കഴിയും. ഇതുപോലെ വേറെയും ധാരാളം നിർദ്ദേശങ്ങൾ പി.എസ്.സിക്കു മുന്നിലുണ്ട്. എന്നാൽ പരിചിത വൃത്തത്തിലൂടെ തന്നെ പോകാനേ കഴിയുന്നുള്ളൂ. ആരെയും നോവിക്കാതെ ഒരു പരിഷ്കാരവും നടപ്പിലാക്കാനാവില്ല. സമൂഹത്തിന്റെ പൊതു നന്മയാണു ലക്ഷ്യമെങ്കിൽ ചിലപ്പോഴെങ്കിലും കഠിന നടപടികൾ വേണ്ടിവരും.