vennichira

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പോങ്ങനാട് ടൗണിനോട് ചേർന്നുള്ള വെണ്ണിച്ചിറക്കുളത്തിൽ ദേശീയ നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ നിർമ്മിക്കാൻ പഞ്ചായത്ത് രംഗത്ത്.

പായലും കാടും മൂടി നാശത്തിന്റെ വക്കിലായിരുന്ന കുളം അടുത്തയിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച് സ്വകാര്യ വ്യക്തികൾക്ക് മീൻ വളർത്തലിനു നൽകിയിരുന്നു. വിളവെടുപ്പ് കഴിഞ്ഞതോടെ ഫെഡറേഷൻ ഓഫ് റസിഡന്റസ് അസോസിയേഷൻ കിളിമാനൂരിന്റെ നേതൃത്വത്തിൽ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപികരിച്ച് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ നീന്തൽ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതോടെ ദേശീയ നിലവാരത്തിലുള്ള ഒരു നീന്തൽ കുളം ഇവിടെ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമായി.

തുടർന്ന് അക്വാട്ടിക് ക്ലബും പഞ്ചായത്തധികൃതരും ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തിനെ സമീപിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളിയുടെ പ്രത്യേക താത്പര്യ പ്രകാരം ജില്ലാ പഞ്ചായത്ത് ദേശീയ നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ നിർമ്മിക്കാൻ അനുമതി നൽകുകയായിരുന്നു.

ആദ്യ ഘട്ടമായി ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷമി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.