നാളുകളായി അടങ്ങിയിരുന്ന എച്ച് 1 എൻ 1 അടുത്തിടെ കോഴിക്കോട്ട് രംഗപ്രവേശനം ചെയ്തത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. എച്ച് 1 എൻ 1 എന്ന പേരിൽ അറിയപ്പെടുന്ന പന്നിപ്പനി 1930 മുതൽ മനുഷ്യരിൽ ബാധിക്കുന്നതായി കണക്കാക്കുന്നു. പക്ഷിപ്പനിപോലെ തന്നെ ഇൻഫ്ളുവൻസാ എ വിഭാഗത്തിൽപ്പെട്ട എച്ച് 1 എൻ 1 ഉപവിഭാഗത്തിൽപ്പെട്ട വൈറസ് തന്നെയാണ് ഇതിന്റെ രോഗഹേതു. പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ച രോഗം ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവരിലാണ് പിടിപെടാനുള്ള സാദ്ധ്യത കൂടുതൽ.
വൈറസ് വ്യാപനം
2009 മുതൽ ഇന്ത്യയിലുണ്ടായ പന്നിപ്പനി ബാധ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരമായിരുന്നു. അമേരിക്കയിൽ നിന്ന് ഹൈദരാബാദിൽ വന്നിറങ്ങിയ ഒരാളിൽ നിന്നായിരുന്നു ആദ്യ രോഗബാധ. വലിയ നഗരങ്ങളിൽ മാത്രമായിരുന്നു രോഗം ഉണ്ടായത്. രോഗാണു സാന്നിദ്ധ്യമുള്ള രോഗിയുടെയോ മൃഗത്തിന്റെയോ സ്രവം വായുകണങ്ങൾ വഴിയോ കണ്ണിലോ, വായിലോ പറ്റിയാൽ രോഗ വ്യാപനം ഉണ്ടാകാം.
പന്നികളിലെ ലക്ഷണം
പന്നികളുടെ ശ്വസനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂക്കൊലിപ്പ്, ശബ്ദമേറിയ ചുമ, വിശപ്പില്ലായ്ന, മയക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം. ക്രമേണ രോഗം അധികരിച്ച് മരണപ്പെടുകയോ രോഗത്തെ അതിജീവിക്കുകയോ ചെയ്യാം. 2011 മുതൽ ജനിതകമാറ്റം സംഭവിച്ച എച്ച് 2 എൻ 2 യു എന്ന ഇനം കൂടുതൽ മാരകമാണ്.
മനുഷ്യരിലെ രോഗം
മറ്റ് ഫ്ളൂ പനിപോലെ തന്നെയാണ് തുടക്കം. കടുത്ത പനി (ചൂട് 38 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ) വരണ്ട ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദനയും അസ്വസ്ഥതയും, തലവേദന, ശരീര വേദന, സന്ധിവേദന, കുളിരും അതിയായ ക്ഷീണം എന്നിവയാണ് അവ. അപൂർവമായി വയറിളക്കവും ഉണ്ടാകാം. ഛർദ്ദിലും നാഡീസംബന്ധമായ ലക്ഷണങ്ങളും ഉണ്ടാകാം.
ഗുരുതരരോഗ ലക്ഷണങ്ങൾ
മറ്റ് രോഗ ബാധിതരിൽ ഇത് ഗുരുതരാവസ്ഥയിൽ എത്തിക്കുമെങ്കിലും ആരോഗ്യമുള്ളവരിലും ഗുരുതരമാകാം. ആദ്യ രോഗ ലക്ഷണം കണ്ട് 3 മുതൽ 5 ദിവസത്തിനുള്ളിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗം 24 മണിക്കൂറിനുള്ളിൽ അധികരിച്ച് ശ്വാസ സ്തംഭനം മൂലം മരണം സംഭവിക്കാം. രോഗം ഗുരുതരമാകുന്ന അവസ്ഥ സംജാതമാകുന്നതിന് മുന്നോടിയായി ചില മുന്നിറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മുതിർന്നവരിൽ ശ്വാസം മുട്ടൽ, ശ്വാസ തടസം, നെഞ്ചിനോ വയറിനോ ഉണ്ടാകുന്ന വേദനയും സമ്മർദ്ദവും, തലകറക്കം, ബോധം നശിക്കൽ തുടർച്ചയായ ഛർദ്ദിൽ, ശരീരം തണുക്കുക തുടങ്ങിയവായാണവ. കുട്ടികളിൽ ശ്വാസോശ്വാസ നിരക്ക് വർദ്ധിക്കൽ, ശരീരം ചൊറിഞ്ഞു തടിക്കൽ, മയക്കം, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, അസ്വസ്ഥത, ഏറെ കരയുക മറ്റും ഫ്ളൂവിന്റെ ലക്ഷണങ്ങൾ മാറിവരുന്നതോടൊപ്പം ചുമയും ശരീരം ചൊറിഞ്ഞു തടിക്കലും കണ്ണീരില്ലാത്ത കരച്ചിൽ തുടങ്ങിയ പ്രത്യേക ലക്ഷണങ്ങൾ അതീവ ജാഗ്രതയോടെ കാണണം. വൈറൽ ന്യുമോണിയ, ശ്വാസകോശത്തിൽ വെള്ളക്കെട്ട്, സെക്കന്ററി ബാക്ടീരിയൽ ന്യുമോണിയ, നാഡീ വ്യൂഹ, ഹൃദ്രോഗ ഗുരുതരാവസ്ഥ തുടങ്ങിയ അതീവ ഗുരുതരാവസ്ഥ പലപ്പോഴും ഐ.സി.യു ചികിത്സയും വെന്റിലേറ്റർ ചികിത്സയും നൽകേണ്ടിവരും.