തിരുവനന്തപുരം: 4014 കോടി രൂപയുടെ 96 പ്രവൃത്തികൾക്ക് കൂടി കിഫ്ബി ഗവേണിംഗ് ബോഡിയുടെ അംഗീകാരം. ഇതോടെ 35028.84 കോടിയുടെ പ്രവൃത്തികൾക്ക് കിഫ്ബിയുടെ അംഗീകാരമായി. വ്യവസായ പാർക്കുകളുടെ സ്ഥലം ഏറ്രെടുക്കുന്നതിന് 14275.17 കോടിയും ദേശീയ പാത സ്ഥലം ഏറ്റെടുക്കലിന് 5374 കോടിയും അനുവദിച്ചു. ഇതോടെ 53678.01 കോടിയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു.

ദേശീയ പാതയ്‌ക്ക് ഭൂമിയേറ്രെടുക്കുന്നതിന് സംസ്ഥാനം നൽകേണ്ട 5374 കോടി രൂപ കിഫ്ബി നൽകും. കളക്ടർമാർ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ട്രഷറി നിയന്ത്രണമില്ലാതെ തുക കൈമാറും. ആദ്യഗഡുവായ 349.7 കോടി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായി 64.37 കോടി അനുവദിച്ചിട്ടുണ്ട്. ഇതുവരെ 4480 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് ചെയ്‌ത പ്രവൃത്തികൾക്ക് അനുവദിച്ചത്. അടുത്ത വർഷം ഇത് 20,000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.

കിഫ്ബി ഓംബുഡ്സ്മാൻ

അഴിമതി തടയുന്നതിന്റെ ഭാഗമായി കിഫ്ബിക്ക് ഓംബുഡ്സ്‌മാനെ നിയമിക്കും. റിസർവ് ബാങ്ക് മുൻ ചീഫ് മാനേജരായിരിക്കും ആദ്യ ഓംബുഡ്സ്‌മാൻ. അഴിമതി ഉന്നയിക്കാൻ വിസിൽ ബ്ലോവർ ഓഫീസും തുടങ്ങും. ഈ ഓഫീസിനെ സമീപിച്ച ശേഷമേ ഓംബുഡ്സ്‌മാനെ കാണാനാകൂ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നിറുത്തിച്ച 17പദ്ധതികൾ വീണ്ടും തുടങ്ങിയതായും മന്ത്രി അറിയിച്ചു.