jan21c

ആറ്റിങ്ങൽ: കാൽനൂറ്റാണ്ടായി അടഞ്ഞുകിടന്ന ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്റ്റീൽ ഫാക്ടറിക്ക് പുതുജീവൻ പകർന്ന് പുത്തൻ പദ്ധതിക്ക് തുടക്കമായി. വ്യവസായ വകുപ്പിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതികൾ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു. ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി എന്നീ സ്ഥാപനങ്ങൾക്കായി യന്ത്ര ഭാഗങ്ങൾ നിർമ്മിക്കുന്നതിനും വ്യാവസായിക മേഖലയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനുമായാണ് ഈ ഫാക്ടറി സ്ഥാപിച്ചത്. 1963ൽ പ്രവർത്തനം ആരംഭിച്ച സ്റ്റീൽ ഫാക്ടറി മികച്ച പ്രവർത്തനത്തോടെയാണ് മുന്നോട്ടുപോയത്. ഇത് തിരിച്ചടിയാകുമെന്ന് ഭയപ്പെട്ട ചില സ്വകാര്യകമ്പനികൾ ഫാക്ടറിയെ തകർക്കുകയായിരുന്നെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. സ്റ്റീൽ ഫാക്ടറിയുടെ ദയനീയ അവസ്ഥയെക്കുറിച്ച് കേരളകൗമുദി തുടർച്ചയായി വാർത്ത നൽകിയതോടെ അഡ്വ.ബി. സത്യൻ എം.എൽ.എ മന്ത്രി ഇ.പി. ജയരാജനുമായി ചർച്ച നടത്തുകയായിരുന്നു. തുടർന്നാണ് ഫാക്ടറിയിൽ വ്യവസായ പരിശീലന കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.

സ്റ്റീൽ ഫാക്ടറിയിലെ സംവിധാനം ഇങ്ങനെ
(ഇനിയും ഉപയോഗിക്കാൻ കഴിയുന്നവ)

---------------------------------------------------------------

 33,000 ചതുരശ്ര അടി വിസ്‌തൃതിയിൽ മെയിൻ വർക്ക്‌‌ഷോപ്പ്
 1200 ചതുരശ്ര അടിയുള്ള ഫാക്ടറി ഷെഡ്
 1200 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ റൂം
 100 ടൺ ശേഷിയുള്ള ഹൈ‌ഡ്രോളിക് പ്രസ്
 30 ടണ്ണിന്റെ എക്‌സ്‌റ്റൻഡറി പ്രസ്
 60 ടണ്ണിന്റെ മെക്കാനിക്കൽ ഹൈഡ്രോളിക് പ്രസ്

ഉയർച്ചയും താഴ്ചയും
-------------------------------------

1963 - പ്രവർത്തനം ആരംഭിച്ചു
1973 - ഉത്പാദനം കുറഞ്ഞു
1994- ഫാക്ടറി അടച്ചുപൂട്ടി

2020 - വീണ്ടും പ്രവർത്തനം തുടങ്ങി

സ്വയം തൊഴിൽ പരിശീലനകേന്ദ്രമായി
വികസിക്കണം: മന്ത്റി ഇ.പി.ജയരാജൻ

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി സ്വയം തൊഴിൽ പരിശീലനകേന്ദ്രമായി വികസിക്കണമെന്ന് മന്ത്റി ഇ.പി.ജയരാജൻ പറഞ്ഞു. ഇവിടെ ആരംഭിച്ച പുതിയ വ്യവസായ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്രം ഐ.ടി.ഐ പോലെയും പോളിടെക്‌നിക് പോലെയുമുള്ള പരിശീലനകേന്ദ്രമായി മാറണം. ഇവിടെ തൊഴിൽ പരിശീലനം നേടി പുറത്തുപോകുന്നയാൾക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള കഴിവുണ്ടാകണമെന്നും മന്ത്റി പറഞ്ഞു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ്, എം.എസ്.എം.ഇ പ്രതിനിധി ബാലഗുരു, ആർ.എസ്. രേഖ, അവനവഞ്ചേരി രാജു, പ്രിൻസ്‌രാജ്, ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, കെ.എസ്. ബാബു, കോരാണി സനിൽ, പി.എസ്. സിമി എന്നിവർ സംസാരിച്ചു.