cm
photo

തിരുവനന്തപുരം: പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക, വ്യാവസായിക മേഖലയിലെ വികസനമാണ് നാടിന്റെ പുരോഗമനത്തിലെ പ്രധാന ഘടകങ്ങൾ. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാകണം. തദ്ദേശസ്ഥാപനങ്ങൾ ശരിയായ ആസൂത്രണം നടത്തിയാൽ കാർഷിക മേഖലയിൽ സംസ്ഥാനത്ത് 1,18, 000 കോടി രൂപയുടെ വരുമാനമുണ്ടാക്കാം. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായ,​ ക്ഷീര വകുപ്പുകൾ സഹകരിച്ചുപ്രവർത്തിച്ചാൽ ഇത് യാഥാർത്ഥ്യമാവും. ഇതിനാവശ്യമായ സബ്‌സിഡി സർക്കാർ നൽകും. പച്ചക്കറി ഉത്പാദനത്തിന് തദ്ദേശസ്ഥാപനങ്ങൾ മഴ ഷെൽട്ടറുകൾ പ്രോത്സാഹിപ്പിക്കണം. ഓരോ തദ്ദേശസ്ഥാപന അതിർത്തിയിലും 100 പശുക്കളുണ്ടെങ്കിൽ പാലിനൊപ്പം മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപകസൗഹൃദ പട്ടികയിൽ കേരളത്തെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റണം. നോക്കുകൂലി എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ ശക്തമായി ഇടപെടും. പുതിയ സംരംഭകർക്ക് തൊഴിൽ സബ്‌സിഡി ഏർപ്പെടുത്തും. 10 വർഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്ളോക്ക് പഞ്ചായത്തുകളുടെ സമ്പൂർണ ഐ. എസ്. ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എ. സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. പി. ജയരാജൻ,ഡോ. ടി. എം. തോമസ് ഐസക്, കെ. രാജു, കെ. കൃഷ്ണൻകുട്ടി, വി. എസ്. സുനിൽകുമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, മേയർ കെ. ശ്രീകുമാർ, നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ, തദ്ദേശസ്വയംഭരണ സ്ഥാപന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.