കുഴിത്തുറ: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ എ.എസ്.ഐ വിത്സനെ വെടിവച്ച് കൊലപെടുത്തിയ കേസിലെ മുഖ്യപ്രതികളെ നാഗർകോവിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാഗവർകോവിൽ കോട്ടാർ സ്വദേശി തൗഫിക്ക്, തക്കല തിരുവിതാംകോട് സ്വദേശി അബ്‌ദുൾ ഷമീം എന്നിവരെയാണ് 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ഇവരെ തിരുനെൽവേലി പാളയംകോട്ട ജയിലിൽ നിന്ന് കനത്ത പൊലീസ് സുരക്ഷയോടുകൂടി കൊണ്ടുവന്ന് വൈകിട്ട് 3ന് നാഗർകോവിൽ പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്.
തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി 28 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി അരുൾമുരുഗൻ 10 ദിവസത്തേക്കു മാത്രമാണ് അനുവദിച്ചത്. പൊലീസ് കസ്റ്റഡിക്കുശേഷം പ്രതികളെ 31ന് വൈകിട്ട് 4ന് കോടതിയിൽ ഹാജരാക്കണം. പ്രതികളെ 4.15ന് കോടതിയിൽ നിന്ന് പൊലീസ് കൊണ്ടുപോയി. രേഹസ്യ കേന്ദ്രത്തിൽവച്ച് കന്യാകുമാരി ജില്ലാ പൊലീസും, തമിഴ്നാട് കൂ ബ്രാഞ്ച് പൊലീസും ചേർന്ന് പ്രതികളെ ചോദ്യം ചെയ്തുതുടങ്ങി.
|