photo

നെടുമങ്ങാട് : പഴകുറ്റി പെട്രോൾ പമ്പിനു സമീപത്തെ വസ്ത്രശാലയിൽക്കയറി ജീവനക്കാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും വാഹനങ്ങൾ അടിച്ചു പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഇരിഞ്ചയം താന്നിമൂട് പാറയടി വിളാകത്ത് എ. വിഷ്ണു (28), നെടുമങ്ങാട് പി.എസ്. നഗർ 63-ൽ ഡി. ഷിജിൻ (28), കൊല്ലങ്കാവ് കാളീകോണത്തു പുത്തൻവീട്ടിൽ ടി. അരുൺ (28), ഉളിയൂർ അംബിക വിലാസത്തിൽ അനന്ദു എന്ന എസ്. നന്ദു (24) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മഞ്ച കുരിശടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബി. സുനീർഖാൻ റിമാന്റിലാണ്. നിരവധി ക്രിമിനൽ കേസിലെ പ്രതികളായ സംഘം എറണാകുളത്തും കർണാകയിലെ വിവിധ സ്ഥലങ്ങളിലും ഒളിവിൽക്കഴിഞ്ഞ ശേഷം മടങ്ങി എത്തിയപ്പോഴാണ് അറസ്റ്റ്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം സി.ഐ വി. രാജേഷ് കുമാർ, എസ്.ഐ മാരായ സുനിൽഗോപി, ശ്രീകുമാർ, പൊലീസുകാരായ സനൽരാജ്, രാജേഷ്, സത്യൻ, ജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.