kallar

വിതുര: കല്ലാർ നദിയിൽ അപകടമരണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കിളിമാനൂർ സ്വദേശിയായ പ്രവാസി പ്രശോഭ്കുമാർ കല്ലാർ വഞ്ചിപ്പാറ കടവിൽ കുളിക്കുന്നതിനിടയിൽ കയത്തിലകപ്പെട്ട് മുങ്ങി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ വർഷങ്ങളിൽ മരണ പരമ്പര തന്നെ അരങ്ങേറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. കല്ലാർ വട്ടക്കയം മുതൽ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കൂടുതലും അപകടമരണങ്ങൾ അരങ്ങേറുന്നത്. അപകടമരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാൻ അധികൃതർ ശ്രമിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാൽ നൂറ്റാണ്ടിനിടയിൽ നൂറിൽപരം പേരുടെ ജീവനാണ് നദി കവർന്നെടുത്തത്. ഇതിൽ തൊണ്ണൂറു ശതമാനവും യുവാക്കളാണ്. കാൽനൂറ്റാണ്ട് മുൻപ് തിരുവനന്തപുരം ഡെന്റൽകോളജിൽ നിന്നുമെത്തിയ എട്ട് മെഡിക്കൽ വിദ്യാർത്ഥികൾ കല്ലാറിൽ മുങ്ങി മരിച്ചതാണ് നദിയിൽ നടന്ന ഏറ്റവും വലിയ ദുരന്തം. തൊട്ടടുത്ത വർഷം ആറ്റിങ്ങൽ സ്വദേശികളായ നാല് പേർ കല്ലാറിൽ മുങ്ങി മരിച്ചു. പിന്നീടിങ്ങോട്ട് മരണം തുടർക്കഥയായി മാറുകയായിരുന്നു.

വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് തടയിടുന്നതിനായി പത്ത് വർഷം മുൻപ് പൊലീസ് സംഘടിപ്പിച്ച പൊതുജനസമ്പർക്കപരിപാടിയിൽ കല്ലാർ കേന്ദ്രമാക്കി പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന് റൂറൽ എസ്.പി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ആ വാഗ്ദാനം ഇപ്പോഴും കടലാസിലുറങ്ങുകയാണ്.

കറുത്ത ഞായർ

ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പൊൻമുടിയിലെത്തുന്ന ഞായറാഴ്ചകളിലാണ് കല്ലാർ നദിയിൽ മുങ്ങി മരണങ്ങൾ കൂടുതലും നടന്നിരിക്കുന്നത്. സഞ്ചാരികളിൽ പലരും കല്ലാറിൽ കുളി കഴിഞ്ഞാണ് മടങ്ങാറുള്ളത്. കുളിക്കുന്നതിനിടയിൽ കയത്തിൽ മുങ്ങി താഴ്ന്ന നിരവധി പേരെ കല്ലാർ നിവാസികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. കല്ലാറിൽ നടക്കുന്ന അപകട മരണങ്ങൾക്ക് തടയിടാത്തതിനെതിരെ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കല്ലാർ നിവാസികൾ നിവേദനവും നൽകിയിട്ടുണ്ട്.

മണൽകയങ്ങൾ നിറയുന്നു

കല്ലാർ നദിയിൽ ഹൈക്കോടതി മണലൂറ്റ് നിരോധിച്ചിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിലും വിലക്ക് ലംഘിച്ച് മണലൂറ്റി കടത്തുന്നതായാണ് നാട്ടുകാരുടെ പരാതി. അനിയന്ത്രിതമായ മണലൂറ്റ് നിമിത്തം നദിയിൽ നിറയെ മണൽകുഴികളാണ്. ഈ കുഴികളിൽ പതിച്ചാണ് ഭൂരിഭാഗം മരണങ്ങളും നടന്നത്. മാത്രമല്ല ഇതുമൂലം കല്ലാർ നദി മഴക്കാലത്ത് ഗതി മാറി ഒഴുകുകയും ചെയ്യുകയാണ്.