തിരുവനന്തപുരം: തമിഴ് നാട്ടിൽ നിന്ന് തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചിരുന്ന പ്രതിയെ കോടതി അഞ്ച് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. തമിഴ് നാട് തിരുനെൽവേലി ഉവെറി തെരുവിൽ ഗണപതി മകൻ ചിദംബരമാണ് പ്രതി.
ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജോസ് എൻ. സിറിലിന്റേതാണ് ഉത്തരവ്.2017 ആഗസ്റ്റ് 10 ന് തമിഴ് നാട്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവുമായി എത്തിയ ചിദംബരം അമരവിള ചെക്ക് പോസ്റ്രിൽ വച്ചാണ് എക്‌സെെസിന്റെ പിടിയിലായത്. പതിവ് വാഹനപരിശോധനയിൽ ബസിൽ വലിയ ബാഗുമായി ഇരുന്ന പ്രതി വല്ലാതെ പരുങ്ങുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്. അറുപതിനായിരം രൂപയ്ക്കാണ് ഇയാൾ രണ്ട് കിലോ കഞ്ചാവ് വാങ്ങിയിരുന്നത്. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.