വർക്കല: കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സ്ത്രീകളടക്കം എട്ട് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി ബിന്ദു (45), കുണ്ടറ പെരുമ്പുഴ രാജി (45), രാജിയുടെ മകൾ ദീപ (24), ഇടവ സ്വദേശി സുധീർ (46), കല്ലറ സ്വദേശി സാജു (34), കിളിമാനൂർ സ്വദേശി ജിഷ്ണു (22), കുരയ്ക്കണ്ണി സ്വദേശി നിഷാദ് (35), അഭിലാഷ് (30) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല സി.ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘം വീട് റെയ്ഡ്ചെയ്ത് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷമായി വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തി വരികയായിരുന്നു . കുരയ്ക്കണ്ണി സ്വദേശി അഭിലാഷ് വീട് ലീസിനെടുത്ത ശേഷം പരവൂർ സ്വദേശിയായ ഗിരീഷ് എന്ന വ്യക്തിക്ക് കൈമാറിയിരുന്നതായും പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് 30000രൂപയും മദ്യവും ബീയറും 9 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. രണ്ട് മോട്ടോർ ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ അഭിലാഷ് നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി. ഗ്രേഡ് എസ് ഐ സുനിൽകുമാർ, ഗ്രേഡ് എ എസ് ഐമാരായ ഷൈൻ, നജീബ്, എസ് സി പി ഒ സെബാസ്റ്റ്യൻ, സി പി ഒ നാഷ്, അജീസ്, പിങ്ക് പൊലീസ് എസ് ഐ ലിസി, ഡബ്ലിയു പി സി മാരായ ഹസീന, സൗമ്യ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.