തിരുവനന്തപുരം: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള നീക്കങ്ങൾ ആശങ്കാജനകമാണെന്ന് ഏകലവ്യാശ്രമത്തിൽ ചേർന്ന ആത്മീയ,​ സാംസ്‌കാരിക,​ സാമൂഹ്യ നേതാക്കളുടെ ഉന്നതതല യോഗം ചൂണ്ടിക്കാട്ടി. മതപരമായ വേർതിരിവ് സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മതസംഘടനകളും രാഷ്ട്രീയ നേതാക്കളും വിട്ടുനിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ അദ്ധ്യക്ഷനായി. ഗാന്ധി സ്‌മാരക നിധി മുൻ ചെയർമാൻ ഗോപിനാഥൻ നായർ,​ പാളയം ഇമാം സുഹൈബ് മൗലവി,​ മണക്കാട് പള്ളി ഇമാം എച്ച്.എ അബ്ദുൾ ഗഫാർ മൗലവി,​ കെ. രാമൻപിള്ള, ഡോ.സി. ജോസഫ്,​ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി,​ പാച്ചല്ലൂർ അബ്ദുൾ സലാം മൗലവി,​ ഓർത്തഡോക്‌സ് സഭാ പ്രതിനിധി ഫാ. വർ‌ഗീസ് കാവന്തറ,​ എസ്. ഹരീന്ദ്രനാഥ്,​ ആർട്ട് ഒഫ് ലിവിംഗ് പ്രതിനിധി പ്രശാന്ത്,​ ഡോ. കെ.ഡി. അജയകുമാർ,​ ഷഹീർ മൗലവി,​ ഇ.എം. നജീബ്,​ നിംസ് എം.ഡി ഡോ. ഫൈസൽഖാൻ,​ മുഹമ്മദ് റാസി ബക്കാവ്,​ ജേക്കബ് പുളിക്കൻ,​ അഡ്വ. കരീം,​ ഉബൈസ് സൈനുലാബ്ദ്ദീൻ,​ പ്രവാസിബന്ധു അഹമ്മദ്,​ സരസ്വതി അമ്മ,​ മുജീബ് റഹ്മാൻ,​ സ്വാമി അനിൽ,​ ജയചന്ദ്രൻ,​ പീരുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.