തിരുവനന്തപുരം: സംസ്ഥാനത്ത് ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'ആരോഗ്യ ജാഗ്രത 2020' ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായകും. മന്ത്രിമാരായ എ.സി. മൊയ്തീൻ,​ജി. സുധാകരൻ, കെ. കൃഷ്ണൻകുട്ടി, കെ. രാജു, എം.പിമാർ, എം.എൽ.എമാർ, മേയർ കെ. ശ്രീകുമാർ,​ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

വൈറൽ പനി,​ ഡെങ്കി, എച്ച്1എൻ1 തുടങ്ങിയവ തടയുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാവലുകളുടെ പ്രജന കാലമായതിനാൽ നിപ്പ വൈറസിന്റെ വ്യാപനമുണ്ടാകാതിരിക്കാൻ ജൂലായ് വരെ ജാഗ്രത പുലർത്തും. 2025 ആകുമ്പോഴേക്കും മലമ്പനി, മന്ത്,​ കുഷ്ഠരോഗം തുടങ്ങിയവ പൂർണമായും നിവാരണം ചെയ്യാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.