തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ് ) മതിയന്നും ദേശീയ ജനസംഖ്യ രജിസ്റ്രറുമായി ബന്ധപ്പെട്ട അതിലെ രണ്ട് ചോദ്യങ്ങൾക്ക് ജനങ്ങൾ ഉത്തരം നൽകേണ്ടതില്ലെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സെൻസസ് ഉദ്യോഗസ്ഥർക്കൊപ്പം ജനങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
സെൻസസ് ഫോമിലെ ജനനത്തിയതിയും രക്ഷിതാക്കളുടെ വിവരങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ആരും ഉത്തരം നൽകേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സെൻസസ് കമ്മിഷണർ ഓഫീസ് പ്രവർത്തിക്കുന്നതെങ്കിലും സംസ്ഥാന സർക്കാരിന്റെ പരിപൂർണ സഹകരണത്തോടെയാണ് സെൻസസ് പ്രക്രിയ നടക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെ നടക്കുന്ന സെൻസസ് പ്രവർത്തനത്തിനൊപ്പമാണ് എൻ.പി.ആറിലേക്കുള്ള വിവര ശേഖരണവും . എന്നാൽ കേരളത്തിൽ എൻ.പി.ആർ വിവരണ ശേഖരണം സെൻസസിനോടൊപ്പം നടത്താനാവില്ലെന്ന് സംസ്ഥാന സർക്കാർ സെൻസസ് കമ്മിഷണറെ അറിയിച്ചു കഴിഞ്ഞു. ഇത് മൊത്തം സെൻസസ് പ്രവർത്തനവും അവതാളത്തിലാക്കുമോ എന്ന സംശയമാണ് ഉദ്യോഗസ്ഥരിൽ പലർക്കും.ബയോമെട്രിക് വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്. രണ്ടു ചോദ്യാവലിയാണെങ്കിലും ഒരേ ഉദ്യോഗസ്ഥർ നടത്തുന്ന സർവേയിൽ ഒരു ഭാഗം ഒഴിവാക്കുന്നത് നടപടികൾ അപൂർണമാക്കും .ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. ജനനത്തീയതിയും രക്ഷിതാക്കളുടെ വിവരവും നൽകാതിരുന്നാൽ തങ്ങൾക്ക് കിട്ടാനുള്ള ആനുകൂല്യം നഷ്ടപ്പെടുമോ എന്ന ആശങ്ക ജനങ്ങൾക്കുമുണ്ട്.
സെൻസസ് വിവരങ്ങൾ രഹസ്യം
രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയുടെ അടിസ്ഥാന വിവരങ്ങളായാണ് സെൻസസിനെ കണക്കാക്കുന്നത്. സെൻസസിലെ വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കോടതിക്ക് പോലും അത് നൽകേണ്ടതില്ല. 1948ലെ സെൻസസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് വർഷം കൂടുമ്പോൾ രാജ്യത്ത് സെൻസസ് നടത്തുന്നത്. ഇത്തവണ മൊബൈൽ ആപ് വഴിയാണ് വിവര ശേഖരണം.
പൗരത്വ രജിസ്റ്റർ
രാജ്യത്തെ താമസക്കാരുടെ വിവരശേഖരണത്തിനാണ് ദേശീയ പൗരത്വ രജിസ്റ്റർ .. സർക്കാർ സ്കീമുകളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ഗുണഭോക്താക്കളെ കണ്ടെത്താനും ഇതുപയോഗിക്കുന്നു. പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റർ ശേഖരിക്കുന്നത്.