thamaravila-rode

പാറശാല: ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ഒന്നാമത് വാർഡ് എന്നറിയപ്പെടുന്ന കീഴ്ക്കൊല്ലയിലെ നാട്ടുകാർക്ക് സുഗമമായ സഞ്ചാരം എന്നത് ഇന്നും സ്വപ്നമായി തന്നെ തുടരുകയാണ്. ഇവിടെ ദേശീയപാതക്ക് സമാന്തരമായുള്ള അമരവിള ടൈൽഫാക്ടറി - താമരവിള റോഡിന്റെ ശോചനീയാവസ്ഥയാണ് ഈ ദുരിതത്തിന് കാരണം. ഓർമ്മ വെച്ച നാൾ മുതൽ തകർന്ന നിലയിൽ കാണപ്പെടുന്ന താലൂക്കിലെ ഏക റോഡാണിതെന്ന് ഇവിടത്തെ വൃദ്ധരായ നാ ട്ടുകാർ പറയുന്നു. പഞ്ചായത്ത് വക റോഡാണെങ്കിലും ദേശീയപാതയിലെ പോലെ തിരക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. തകർന്ന് തരിപ്പണമായെങ്കിലും പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഈ റോഡാണ് ഏക ആശ്രയം.

തകർന്ന റോഡാണെങ്കിലും ടാക്സ് വെട്ടിച്ച് കടക്കുന്നതിനായി ചരക്ക് ലോറികളും, മണൽ മാഫിയാ സംഘങ്ങളുടെ വാഹനങ്ങളും ഈ വഴിയിലൂടെ നിരന്തരം പായുകയാണ്. ഇത് രൂക്ഷമായ പൊടി ശല്യമാണ് പ്രദേശത്തുയർത്തുന്നത്. മണൽ മാഫിയാ സംഘത്തിന്റെ നേതൃത്വത്തിൽ താമരവിളയിൽ പ്രവർത്തിക്കുന്ന അനധികൃത മണൽ ഗോഡൗണിന്റെ പ്രവർത്തനവും ഈ റോഡിന്റെ തകർച്ചക്ക് കാരണമായി പറയുന്നുണ്ട്. മണൽ കേന്ദ്രത്തിൽ അമിത ഭാരം കയറ്റിയ ലോറികൾ നിരന്തരം എത്തുന്നത് റോഡ് തകരാൻ കാരണമാകുന്നതായി നാട്ടുകാരുടെ ഇടയിൽ പരാതിയുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിച്ച് വരുന്ന മണൽ ഗോഡൗണിനെതിരെ ജിയോളജി വകുപ്പ് അധികൃതരുടെ നടപടികൾ ഉണ്ടായെങ്കിലും റവന്യൂ, പൊലീസ് അധികൃതരെ സ്വാധീനിച്ച് പ്രവർത്തനം തുടരുകയാണെന്നാണ് ആക്ഷേപം.

തട്ടിക്കൂട്ട് ടാറിംഗ്

നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് റോഡ് പുനരുദ്ധാരണം എന്ന പേരിൽ റോഡ് കുത്തിക്കിളച്ച് ഒരു തട്ടിക്കൂട്ട് ടാറിംഗ് നടത്തി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ഉണ്ടായ മഴയിൽ എല്ലാം തകർന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ സഡക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധാരണത്തിനായി പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും റോഡ്‌ കൈയേറിയ സ്വകാര്യ വസ്തു ഉടമകളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി നടന്നില്ല. ഇപ്പോൾ റോഡിലെ മെറ്റലുകൾ ഇളകിയതും വെള്ളക്കെട്ടും കാരണം കാൽനടക്കാർക്ക് പോലും സഞ്ചരിക്കാനാത്ത അവസ്ഥയാണ്.

ഭീഷണിയായി ടോറസുകൾ

ദേശീയപാത വഴി അമിതഭാരവുമായി എത്തുന്ന ടോറസ് ലോറികൾ ചെക്ക്പോസ്റ്റ് വെട്ടിക്കുന്നതിനായി ഉദിയൻകുളങ്ങര നിന്നും തിരിഞ്ഞ് വട്ടവിള എത്തിയ ശേഷം താമരവിള - ടൈൽ ഫാക്ടറി റോഡ് വഴി തിരികെ ദേശീയ പാതയിൽ പ്രവേശിക്കുകയാണ് പതിവ്.