നെടുമങ്ങാട്: കരകുളത്തും ആനാട്ടും വീടുകയറി ആക്രമണം നടത്തിയ കേസിൽ നാലുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു. കരകുളം എണ്ണശ്ശേരി മേലേപുത്തൻ വീട് നന്ദു ഭവനിൽ ജി. അനന്ദു (22), ആറാംകല്ല് വടക്കേവിളയിൽ യു. ഉമേഷ് കുമാർ (33), പുളിമാത്ത് താളിക്കുഴി കടൽകാണിപാറ ബ്ളോക്ക് നമ്പർ 35ൽ അസ്‌ന മൻസിലിൽ എച്ച്. ഷൈജു (33), പാലോട് കള്ളിപ്പാറ കറിവിലാഞ്ചൽ തടത്തരികത്തു വീട്ടിൽ എം. സേതു (30) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഏണിക്കര സ്വദേശി ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഹരീഷിന്റെ അമ്മയുടെ കഴുത്തിൽ വാൾ വച്ചു ഭീഷണിപ്പെടുത്തുകയും ടി.വിയും വീട്ടുപകരണങ്ങളും ജനൽ ഗ്ളാസും അടിച്ചു തകർക്കുകയും ചെയ്‌ത സംഭവത്തിലാണ് അനന്ദുവിനെയും ഉമേഷ്‌കുമാറിനെയും അറസ്റ്റുചെയ്‌തത്. പ്രതികളുടെ കഞ്ചാവ് വില്പന പുറത്തു പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആനാട് പണ്ടാരകോണം ചിറതലക്കൽ വീട്ടിൽ എസ്. സതീഷ് കുമാറിനെ കഴിഞ്ഞദിവസം രാത്രി 12ഓടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതിനാണ് ഷൈജു, സേതു എന്നിവരെ അറസ്റ്റുചെയ്‌തത്. കേസിൽ പണ്ടാരകോണം സ്വദേശി വിനോദ് നേരത്തെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ, എ.എസ്.ഐ ഷിഹാബുദ്ദീൻ, അജീത്കുമാർ, രാജേഷ് കുമാർ, സനൽരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.