malayinkil

മലയിൻകീഴ് : കോൺഗ്രസ് പേയാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഗവൺമെന്റ് പ്രസ് ജീവനക്കാരനുമായ മുഹമ്മദ് ഇക്ബാലിനെ (54) ഇന്നലെ രാവിലെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പേയാട് പിറയിൽ എമറാൾഡിൽ (ഹൗസ്) അഞ്ച് വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇക്ബാലും കുടുംബവും.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പ്രമേഹ രോഗിയായ ഇക്ബാൽ എല്ലാ ദിവസവും പുലർച്ചെ നാലിന് നടക്കാൻ പോകാറുണ്ട്. രാവിലെ 7 മണിക്ക് ശേഷമേ തിരിച്ച് എത്താറുള്ളൂ. ഇന്നലെയും പതിവുപോലെ നടക്കാനിറങ്ങി. എന്നാൽ 7 മണിയായിട്ടും കാണാതായതോടെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അതിനിടെ ഇക്ബാലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ രാവിലെ ആറ് മണിയോടെ 'ജീവിത പരാജയത്തിന്റെ അന്ത്യം ' എന്നൊരു ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെട്ടു. തുടർന്ന് പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പേയാട് പള്ളിമുക്കിലുള്ള പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ ഷട്ടർ തുറന്ന നിലയിലായിരുന്നു.

സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാർട്ടി ഓഫീസിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് ഇക്ബാൽ തന്നെയാണ്. ആലപ്പുഴ സ്വദേശിയായ ഇക്ബാൽ കരമന നിന്നാണ് വിവാഹം ചെയ്തത്.

ഐ.എൻ.ടി.യു.സി.ജില്ലാ വൈസ് പ്രസിഡന്റ്, വിജയമോഹിനി മിൽ തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പാളയം ജുമാ മസ്ജിദിൽ കബറടക്കി. ഭാര്യ: ഷാഹിത. മക്കൾ : ആഷിക് ,ആഷിത. മരുമകൻ: ജംഷീർ. മന്ത്രി ജി.സുധാകരൻ, ഉമ്മൻചാണ്ടി, എം.എൽ.എ.മാരായ ഐ.ബി.സതീഷ്, വിൻസന്റ്, കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ

ആദരാ‌ഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.