ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യ
10 വിക്കറ്റിന് ജയം ഇന്ത്യ ക്വാർട്ടറിൽ
ബ്ളുംഫോണ്ടേയ്ൻ : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം നേടി ഇന്ത്യ. ഇന്നലെ ദുർബലരായ ജപ്പാനെ 10 വിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്രതിഭകൾ കശക്കിയെറിഞ്ഞത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് തോൽപ്പിച്ചിരുന്നു. രണ്ടാം വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ നിന്ന് ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി.
ബ്ളൂം ഫൊണ്ടേയ്നിൽ ടോസ് നേടി ജപ്പാനെ ബാറ്റിംഗിറക്കി വെറും 41 റൺസിന് ആൾ ഔട്ടാക്കുകയായിരുന്നു ഇന്ത്യ. പിന്നീട് 5.5 ഓവർ മാത്രമെടുത്ത് ലക്ഷ്യം കാണുകയും ചെയ്തു.
8-3-5-4
എട്ടോവറിൽ മൂന്ന് മെയ്ഡനടക്കം അഞ്ചു റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയ്‌യും ആറ് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗിയുമാണ് ജപ്പാനെ കശാപ്പ് ചെയ്യാൻ മുന്നിട്ടു നിന്നത്. ആകാശ് സിംഗിന് രണ്ട് വിക്കറ്റും വിദ്യാധർ പാട്ടീലിന് ഒരു വിക്കറ്റും ലഭിച്ചു.
ജപ്പാൻ നിരയിൽ അഞ്ച് ബാറ്റ്‌സ്‌മാൻമാരാണ് ഡക്കായത്. ഒരാൾ പോലും രണ്ടക്കം കടന്നില്ല. ഏഴ് റൺസ് വീതം നേടിയ ഓപ്പണർ നൊഗുച്ചിയും വാലറ്റക്കാരൻ ഡോബെല്ലുമാണ് ടോപ് സ്കോറർമാരായത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യശ്വസി ജയ്‌സ്വാളും (29), കുശാഗ്രയും (13), 271 പന്തുകൾ ബാക്കി നിൽക്കെ വിജയം ആഘോഷിച്ചു.
വെള്ളിയാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.