തിരുവനന്തപുരം : നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ മരണ വാർത്തയിൽ കേരളം നടുങ്ങിയപ്പോൾ തിരുവനന്തപുരത്തിന് അത് തീരാനൊമ്പരമായി. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന അഞ്ചംഗ കുടുംബത്തിന്റെ വേർപാട് നാടിനെ ഒദുഖത്തിലാഴ്ത്തി.
ശ്രീകാര്യം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കൃഷ്ണൻ നായർ (39) ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര (8) ആർച്ച (6) അഭിനവ് (5) എന്നിവരാണ് മരണമടഞ്ഞത്.
ദുബായിലെ കമ്പനിയിൽ എൻജിനീയറാണ് പ്രവീൺ. വിവാഹശേഷം ദുബായിൽ താമസമാക്കിയിരുന്നു. ഭാര്യ ശരണ്യയ്‌ക്ക് എം.ഫാമിന് കൊച്ചി അമൃതയിൽ പ്രവേശനം ലഭിച്ചതോടെ രണ്ട് വർഷം മുമ്പ് ഇടപ്പള്ളിയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. പ്രവീൺ അവധിക്ക് എറണാകുളത്ത് എത്തുമ്പോൾ ചെങ്കോട്ടുകോണത്തെ വീട്ടിലുള്ള അച്ഛനെയും അമ്മയെയും കാണാനും എത്തും. മാർച്ചിൽ ശരണ്യയുടെ പഠനം പൂർത്തിയായ ശേഷം വീണ്ടും ദുബായിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.
നേപ്പാളിൽ മരിച്ചവരുടെ കൂട്ടത്തിൽ തലസ്ഥാനത്തെ അഞ്ചംഗ കുടുംബവും ഉണ്ടെന്ന് ഇന്നലെ ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ചേങ്കോട്ടുകോണത്തെ വീട്ടിലേക്ക് ആളുകൾ എത്തിതുടങ്ങി. അവിടെ പ്രവീണിന്റെ മതാപിതാക്കളായ സി. കൃഷ്ണൻനായരും പ്രസന്നയും മകളായ പ്രസീതയുമാണ് ഇന്നലെ ഉണ്ടായിരുന്നത്. അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ അമ്മ കിടപ്പിലായതിനാൽ മരണവിവരം അറിഞ്ഞതോടെ നാട്ടുകാർ വീട്ടിലെ ടെലിവിഷൻ കണക്‌ഷൻ വിച്ഛേദിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ മാദ്ധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും ആരും വീട്ടിലേക്ക് പോയില്ല. പ്രവീണും കുടുംബവും ചെറിയൊരു അപകടത്തിൽ പ്പെട്ടതായി ഇതിനിടെ ചിലർ വീട്ടുകാരെ അറിയിച്ചു. അപ്പോഴേക്കും വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും എത്തിത്തുടങ്ങി. അടുത്ത ബന്ധുക്കൾ കൃഷ്ണൻ നായരെ വിവരം അറിയിച്ചു. അദ്ദേഹം കട്ടിലിൽ തളർന്നു വീണു. വൈകിട്ട് 5മണിയോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ വിങ്ങിപ്പൊട്ടി വീട്ടിലെത്തി. അപ്പോഴേക്കും അമ്മ പ്രസന്നയും മറ്റുള്ളവരും മരണവിവരം അറിഞ്ഞു. മാതാപിതാക്കളും സഹോദരിയും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രവീണിന്റെ സഹോദരി പ്രസീത തോന്നയ്ക്കൽ എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ മാദ്ധ്യമവിഭാഗം അദ്ധ്യാപികയാണ്. ഭർത്താവ് രാജേഷ് ഹൈദരാബാദ് ഇ-ടിവി മലയാളം ഔട്ട് പുട്ട് എഡിറ്ററാണ്. ഭർത്താവ് ഹൈദരാബാദിൽ ആയതിനാൽ പ്രസീതയും രണ്ടു മക്കളും ചെങ്കോട്ടുകോണത്തെ വീട്ടിലാണ്.