ആസ്ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ തോറ്റ് മരിയ ഷറപ്പോവ പുറത്ത്
3-6, 4-6
മെൽബൺ : വൈൽഡ് കാർഡിലൂടെ പ്രവേശനം ലഭിച്ച മുൻ ലോക ഒന്നാം നമ്പരും മുൻ ചാമ്പ്യനുമായ മരിയ ഷറപ്പോവയ്ക്ക് ആസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ മടക്ക ടിക്കറ്റ് ലഭിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ 19-ാം സീഡ് ക്രൊയേഷ്യൻ താരം ഡോണ വെക്കിച്ചാണ് മരിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്.
അഞ്ചു തവണ ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള 32 കാരിയായ റഷ്യൻ താരം 2016 മുതൽ 15 മാസം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്കിലായിരുന്നു. തുടർന്ന് കളിക്കളത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇടയ്ക്കിടെയുണ്ടായ പരിക്ക് വില്ലനായി. ഇപ്പോൾ 145-ാം റാങ്കിലായതിനാലാണ് സംഘാടകർ വൈൽഡ് കാർഡ് നൽകി മരിയയെ പങ്കെടുപ്പിച്ചത്.
ഒരു മണിക്കൂർ 21 മിനിട്ടുകൊണ്ടാണ് ഷറപ്പോവയുടെ ആസ്ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾ അവസാനിച്ചത്. 36 മിനിട്ട് മാത്രം നീണ്ട ആദ്യ സെറ്റിൽ 5-1 ന് മുന്നിട്ടു നിന്ന ശേഷമാണ് 6-3 ന് ബക്കിച്ച് വിജയിച്ചത്. രണ്ടാം സെറ്റിൽ അല്പം പൊരുതി നിന്നെങ്കിലും കായിക ക്ഷമതയുടെ കുറവ് മരിയയിൽ പ്രത്യക്ഷമായിരുന്നു.
2008
ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ജേതാവാണ് മരിയ ഷറപ്പോവ. 2010 ലാണ് മരിയ ഇതിന് മുമ്പ് ആസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തോൽക്കുന്നത്. ഈ തോൽവിയോടെ കഴിഞ്ഞ മൂന്ന് ഗ്രാൻസ്ളാം ടൂർണമെന്റുകളിലും ആദ്യ റൗണ്ടിൽ തോറ്റ നാണക്കേടും മരിയയ്ക്ക് സ്വന്തമായി.
ഇന്നലെ നടന്ന മറ്റ് ആദ്യ റൗണ്ട് മത്സരങ്ങളിൽ വനിതാ സിംഗിൾസിൽ രണ്ടാം സീഡ് കരോളിൻ പ്ളിസ്കോവ 17-ാം സീഡ് എൻജലിക്ക് കെർബർ, ആറാം സീഡ് ബെലിൻഡ ബെൻസിച്ച്, നാലാം സീഡ് സിമോണ ഹാലെപ്പ്, 10-ാം സീഡ് മാഡിസൺ കെയ്സ് തുടങ്ങിയവർ വിജയം കണ്ടു. പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ, സ്റ്റാൻസിലാസ് വാവ്‌രിങ്ക, ഡൊമിനിക് തീം, ഡാനിൽ മെദ്‌വദേവ്, അലക്സാണ്ടർ സ്വെരേവ്, നിക്ക് കിർഗിയാക്കോസ്, ഏണസ്റ്റോ ഗ്വിൽബിസ് തുടങ്ങിയവർ വിജയം കണ്ടു.
6-2, 6-3, 6-0
ടോപ് സീഡായ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത് ബൊളീവിയൻ താരമായ ഹ്യൂഗോ ഡെഷിയെനെയാണ്. 73-ാം റാങ്കുകാരനായ ഹ്യൂഗോയെ രണ്ട് മണിക്കൂർ രണ്ട് മിനിട്ട് നീണ്ട മത്സരത്തിലാണ് നദാൽ മടക്കി അയച്ചത്.
6-1, 7-5
രണ്ടാം സീഡായ റഷ്യൻ താരം കരോളിന പ്ളിസ്കോവ ആദ്യ റൗണ്ടിൽ കീഴടക്കിയത് ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ളാഡനോവിച്ചിനെ. ആദ്യ സെറ്റ് ഈസിയായി നേടിയ പ്ളിസ്കോവയെ രണ്ടാം സെറ്റിൽ മ്ളാഡനോവിച്ച് അൽപ്പം ബുദ്ധിമുട്ടിച്ചു. ഒരു മണിക്കൂർ 24 മിനിട്ടായിരുന്നു മത്സരം നീണ്ടത്.
7-6, (7/5) 61
വനിതാ സിംഗിൾസിൽ കടുപ്പമേറിയ പോരാട്ടം നടന്നത് സിമോണ ഹാലെപ്പും ജെന്നിഫർ ബ്രാഡിയും തമ്മിലാണ്. നാലാം സീഡായ ഹാലെപ്പിനെ ആദ്യ സെറ്റിൽ ബ്രാഡിൽ ശരിക്കും വെള്ളം കുടിപ്പിച്ചു. ടൈബ്രേക്കറിലാണ് ഹാലെപ്പ് സെറ്റ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ റൊമേനിയൻ താരത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ബ്രാഡിക്ക് കഴിഞ്ഞില്ല.
പ്രജ്‌നേഷിന്റെ പോരാട്ടം കഴിഞ്ഞു
6-4, 6-2, 7-5
മെൽബൺ : പുരുഷ സിംഗിൾസിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പ്രജ്‌നേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ക്വാളിഫയിംഗ് റൗണ്ടിൽ തോറ്റെങ്കിലും ചില താരങ്ങൾ പിൻമാറിയതുമൂലം മെയിൻ ഡ്രോയിലേക്ക് പ്രവേശനം ലഭിച്ച പ്രജ്‌നേഷിനെ വൈൽഡ് കാർഡിലൂടെ എത്തിയ ജാപ്പനീസ് താരം താത്‌സുമ ഇറ്റോയാണ് മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയത്.
ഈ മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ പ്രജ്‌നേഷിന് നിലവിലെ ചാമ്പ്യൻ നൊവക്ക് ജോക്കോവിച്ചിനെ രണ്ടാം റൗണ്ടിൽ നേരിടാനുള്ള അവസരം ലഭിച്ചേനെ.
ബൊപ്പണ്ണ ഇറങ്ങും
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ജപ്പാന്റെ ഉചിയാമ സഖ്യം ഇന്ന് ആദ്യ റൗണ്ടിൽ മത്സരിക്കാനിറങ്ങും. മുൻ ചാമ്പ്യൻമാരായ മൈക്ക് - ബോബ് ബ്രയാൻ സഖ്യമാണ് ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികൾ. ഇന്ത്യയുടെ ദ്വിജ് ശരൺ - ആസ്ട്രേലിയയുടെ സിറ്റാക്ക് സഖ്യത്തിനും ഇന്നാണ് ആദ്യ റൗണ്ട് മത്സരം.
ആഷ്ലി ബാർട്ടി, റോജർ ഫെഡറർ, നൊവാക്ക് ജോക്കോവിച്ച് സെറീന വില്യംസ്, നവോമി ഒസാക്ക തുടങ്ങിയവർ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിറങ്ങും.