ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സി.ടി സ്‌കാനിംഗ് യൂണിറ്റിൽ പരിശോധനാഫലം വൈകുന്നത് രോഗികളെ വലയ്‌ക്കുന്നു. വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാർ എമർജൻസിയായി സ്‌കാനിംഗ് നടത്തണമെന്ന് എഴുതി നൽകിയാലും സ്‌കാനിംഗ് എടുക്കാൻ ആഴ്ചകൾ കഴിഞ്ഞുള്ള തീയതി കുറിച്ച് നൽകുന്നത് പതിവാണെന്ന ആക്ഷേപം നിലവിലിരിക്കെയാണ് വീണ്ടും അലംഭാവം. കാത്തിരിക്കാൻ ബുദ്ധിമുട്ടുള്ളവർ പുറത്ത് സ്വകാര്യ ലാബിൽ പോയി സ്‌കാനിംഗ് നടത്തേണ്ട അവസ്ഥയാണ്. ഡോക്ടറെ കാണാൻ പോലും ടോക്കൺ സമ്പ്രദായം ഉപയോഗിക്കുന്ന മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ എച്ച്.ഡി.എസ് കൗണ്ടറുകളുടെ മുന്നിൽ മണിക്കൂറുകളോളം ക്യൂവിൽ നിറുത്തുന്നെന്നാണ് പരാതി. നെഞ്ചുവേദനയും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണത്തിൽ ചികിത്സയിൽ കഴിഞ്ഞ ഉള്ളൂർ സ്വദേശിയായ വൃദ്ധയുടെ സ്കാനിംഗ് 12ന് കഴിഞ്ഞിട്ടും റിപ്പോർട്ട് ഇതുവരെയും ലഭച്ചില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പരാതി. കൃത്യസമയത്ത് പരിശോധനാഫലം ലഭിക്കാതിരിക്കുന്നത് രോഗികളുടെ തുടർചികിത്സയെ ബാധിക്കുന്ന തരത്തിൽ വളർന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

രോഗികൾക്ക് ആശ്രയമായ കേന്ദ്രം

--------------------------------------------------------------------

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നെത്തുന്ന രോഗികൾ മുതൽ അടിയന്തര ഓപ്പറേഷന് വിധേയമാകാൻ മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഏറെയും ആശ്രയിക്കുന്നത് എച്ച്.ഡി.എസ് സ്‌കാനിംഗ് സെന്ററിനെയാണ്.

പ്രതിദിനം - 250 സ്‌കാനിംഗ്

പ്രതികരണം

മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് ‌സ്‌കാനിംഗ് സെന്ററിൽ പരിശോധന ഫലം നൽകാൻ ഇത്രത്തോളം കാലതാമസം ഉണ്ടാകാറില്ല. ഇതേക്കുറിച്ച് അന്വേഷിക്കും.

ഡോ. ജയശ്രീ,​ റേഡിയോളജി ഹെഡ്,​ മെഡിക്കൽ കോളേജ്.